ലക്ഷങ്ങള്‍ വിലമതിക്കുന്ന തോക്കുകള്‍, സ്വന്തമായി 70 കാറുകള്‍; കൊല്ലപ്പെട്ടത് ഒഡിഷയിലെ കുബേരനായ മന്ത്രി

You are currently viewing ലക്ഷങ്ങള്‍ വിലമതിക്കുന്ന തോക്കുകള്‍, സ്വന്തമായി 70 കാറുകള്‍; കൊല്ലപ്പെട്ടത് ഒഡിഷയിലെ കുബേരനായ മന്ത്രി

ഭുവനേശ്വര്‍: കൊവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആരോഗ്യമന്ത്രിയാണ് കൊല്ലപ്പെട്ട നബ കിഷോര്‍ ദാസ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഇദ്ദേഹം മന്ത്രിസഭയിലെ അതിസമ്പന്നനാണ്. അദ്ദേഹത്തിൻ്റെ കാര്‍ ശേഖരങ്ങളുടെയും സമ്പത്തിൻ്റെയും വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കല്‍ക്കരി ഖനികളുടെ കേന്ദ്രമായ ഝര്‍സഗുഡയില്‍ മന്ത്രിക്ക് വ്യാപാര താല്‍പര്യങ്ങളുള്ളതായി നേരത്തേ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. കാറുകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് സ്വന്തമായി 70ഓളം കാറുകള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വ്യവസായി കൂടിയായ മന്ത്രിക്ക് സ്വന്തമായി ഹോട്ടല്‍ ശൃംഖലകളും ട്രാന്‍സ്പോര്‍ട്ട് ബിസിനസും ഉണ്ട്. കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 34 കോടിയുടെ ആസ്‌തി ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. 1.14 കോടിയുടെ ബെന്‍സ് ഉള്‍പ്പെടെ 15 കോടിയോളം രൂപ വിലമതിക്കുന്ന കാറുകളാണ് ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നത്.

1.75 ലക്ഷം രൂപയുടെ ഡബിള്‍ ബാരല്‍ ഗണ്‍, 1.25 ലക്ഷം വിലവരുന്ന റൈഫിള്‍, 55,000 വിലവരുന്ന റിവോള്‍വര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇദ്ദേഹത്തിൻ്റെ പക്കല്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭുവനേശ്വര്‍, ഡല്‍ഹി, കൊല്‍ക്കത്ത, ഒഡീഷ തുടങ്ങിയ വിവധയിടങ്ങളിലായി നിരവധി ഭൂസ്വത്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മകനാണ് കുടുംബ ബിസിനസ് നോക്കി നടത്തുന്നത്. ദാസിൻ്റെ രാഷ്ട്രീയ കാര്യങ്ങള്‍ നോക്കിയിരുന്നത് മകള്‍ ദിപാലി ദാസ് ആയിരുന്നു. അടുത്തിടെ ഒരു കോടിയിലേറെ വിലമതിക്കുന്ന 1.75 കിലോ സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച പാത്രം മഹാരാഷ്ട്രയിലെ ഒരു ക്ഷേത്രത്തില്‍ അദ്ദേഹം നല്‍കിയത് വാര്‍ത്തയായിരുന്നു.

കഴിഞ്ഞ ദിവസമാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റണ്ട് സബ് ഇന്‍സ്പെക്ടറുടെ വെടിയേറ്റ് ഒഡിഷയിലെ ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രിയും ബി.ജെ.ഡി നേതാവുമായ നബ കിഷോര്‍ ദാസ് കൊല്ലപ്പെട്ടത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച എ.എസ്.ഐ ഗോപാല്‍ ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ എട്ട് വര്‍ഷമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നും മന്ത്രിയുമായി വ്യക്തി വൈരാഗ്യമൊന്നും ഇല്ലായിരുന്നെന്നുമാണ് ഭാര്യയുടെ മൊഴി. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ ഇയാള്‍ ഔദ്യോഗിക റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടി വച്ചത്. ഉച്ചയ്‌ക്ക് ഒരു മണിയോടെ ജാര്‍സുഗുഡ ജില്ലയില്‍ ബ്രജരാജ് നഗറിലെ ഗാന്ധി ചൗക്കില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കാറില്‍ നിന്നിറങ്ങുമ്പോള്‍ ഗോപാല്‍ ദാസ് തൊട്ടടുത്ത് നിന്ന് വെടിവയ്‌ക്കുകയായിരുന്നു.

ഇടതുനെഞ്ചില്‍ രണ്ട് വെടിയേറ്റ മന്ത്രിയെ അതീവ ഗുരുതരാവസ്ഥയില്‍ ഹെലികോപ്റ്ററില്‍ ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരണം സംഭവിച്ചു. ഒരു വെടിയുണ്ട ഹൃദയവും ഇടതു ശ്വാസകോശവും തുളച്ച്‌ ശരീരത്തിന് പുറത്തേക്ക് പോയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മന്ത്രിക്ക് വെടിയേല്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി നവീന്‍ പട് നായിക് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

മൂന്നുതവണ ജാര്‍സുഗുഡ എം.എല്‍.എയായിരുന്നു നബ കിഷോര്‍ ദാസ് . 2009ലും 2014ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച അദ്ദേഹം 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.ഡിയില്‍ ചേരുകയായിരുന്നു.

0Shares