ഗവര്‍ണറുടേത് നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധം; അതനുവദിച്ചു കൊടുക്കാനാകില്ല, ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാം എന്ന് ഗവര്‍ണര്‍ കരുതരുത്: മുഖ്യമന്ത്രി

You are currently viewing ഗവര്‍ണറുടേത് നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധം; അതനുവദിച്ചു കൊടുക്കാനാകില്ല, ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാം എന്ന് ഗവര്‍ണര്‍ കരുതരുത്: മുഖ്യമന്ത്രി

പാലക്കാട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാം എന്ന് കരുതരുതെന്നും അത് ഉത്തരത്തെ പിടിച്ചു നിർത്തുന്നത് താനാണ് എന്ന് കരുതുന്നത് പോലത്തെ മൗഢ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടേത് നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധം. ഒരു വി.സിയെ പിരിച്ചുവിടാന്‍ ചാന്‍സലര്‍ക്ക് ചട്ടപ്രകാരം അധികാരമില്ല. അതിനാല്‍ വിസിമാരോട് രാജിവെക്കാനോ അവരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടാനോ കേരള ഗവര്‍ണര്‍ക്ക് നിയമപരമായ അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടെക്നോളജി യൂണിവേഴ്‌സിറ്റി വി.സിയുടെ കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മറ്റു സര്‍വകലാ ശാലകളിലെ വൈസ്. ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാനാകില്ല. കാരണം, കോടതിയുടെ ഉത്തരവ് ആ വി.സിക്ക് മാത്രമേ ബാധകമാകുന്നുള്ളൂ. ഇത് സാമാന്യ നിയമബോധം ഉള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളു. അതു മറ്റാര്‍ക്കും ബാധകമല്ല. ആ വി.സിക്കെതിരെ ആയിരുന്നു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. അതുകൊണ്ട് വിധി ഉണ്ടായത് ആ നിയമനവുമായി ബന്ധപ്പെട്ട് മാത്രമാണ്. പൊതു ഹര്‍ജിയാണെങ്കില്‍ തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്ന് പറയാമായിരുന്നു. എന്നാല്‍, ഇക്കാര്യം വ്യത്യസ്തമാണ്.

മറ്റു ഒമ്പത് വി.സിമാര്‍ക്കെതിരെ നിയമപരമായ എന്തെങ്കിലും പ്രശ്നം നിലനില്‍ക്കുന്നില്ല. ടെക്നോളജി യൂനിവേഴ്‌സിറ്റി വി.സിയ്ക്ക് എതിരെ മാത്രം വന്ന വിധി സര്‍വര്‍ക്കും ബാധകമാക്കാന്‍ സാധിക്കില്ല എന്നതും കൂടി കണക്കിലെടുത്താല്‍ വി.സിമാരുടെ രാജി ആവശ്യപ്പെടുന്നതിന് നിയമപരമായ സാധൂകരണമില്ല.

രണ്ടാമതായി, സര്‍വ്വകലാശാലയുടെ ഫണ്ട് ദുരുപയോഗം, മോശം പെരുമാറ്റം എന്നിങ്ങനെ രണ്ട് കാരണങ്ങളാല്‍ മാത്രമേ ഒരു വി.സിയെ നീക്കം ചെയ്യാന്‍ കഴിയൂ. എന്നാല്‍ ഈ ആരോപണങ്ങള്‍ ഹൈക്കോടതി ജഡ്ജിയോ സുപ്രീം കോടതി ജഡ്ജിയോ അന്വേഷിക്കേണ്ടതുണ്ട്, കുറ്റം തെളിഞ്ഞാല്‍ മാത്രമേ വി.സിയെ നീക്കാന്‍ കഴിയൂ. യൂണിവേഴ്‌സിറ്റി ആക്ടില്‍ ചാന്‍സലര്‍ക്ക് വി.സിയെ പിരിച്ചുവിടാന്‍ വ്യവസ്ഥയില്ല. ഒരു സര്‍വകലാശാലയുടെ ചീഫ് എക്സിക്യൂട്ടീവും അക്കാദമിക് ഓഫീസറുമാണ് വി.സി. ഒരു വി.സിയെ പിരിച്ചുവിടാന്‍ ചാന്‍സലര്‍ക്ക് ചട്ടപ്രകാരം അധികാരമില്ല. അതിനാല്‍ വി.സിമാരോട് രാജിവെക്കാനോ പിരിച്ചുവിടാനോ ആവശ്യപ്പെടാന്‍ കേരള ഗവര്‍ണര്‍ക്ക് നിയമപരമായ അധികാരമില്ല-മുഖ്യമന്ത്രി പറഞ്ഞു.

സേര്‍ച്ച്‌ കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണം, അവര്‍ നല്‍കുന്ന പാനലിലെ പേരുകളുടെ എണ്ണം ഇവയൊക്കെ അതാത് സര്‍വ്വകലാശാല സ്റ്റാറ്റ്യൂട്ടുകളില്‍ പറയുന്നതു പോലെയാണ് രാജ്യത്ത് എല്ലായിടത്തും നടക്കുന്നത്. പല സംസ്ഥാനങ്ങളിലും ഗവൺമെണ്ടിൻ്റെ പ്രതിനിധികള്‍ ️വൈസ്. ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച്‌ /സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടായിരിക്കും. മഹാരാഷ്ട്രയില്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സെക്രട്ടറി ഇന്‍ ചാര്‍ജ് സേര്‍ച്ച്‌ / സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമാണ്. കര്‍ണ്ണാടകയിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളില്‍ വൈസ്. ചാന്‍സലര്‍ നിയമനത്തിനുള്ള നാലംഗ സേര്‍ച്ച്‌ കമ്മിറ്റിയെ നിയമിക്കുന്നത് ഗവൺമെണ്ടാണ്.

സേര്‍ച്ച്‌ കമ്മിറ്റി അംഗങ്ങളുടെ എണ്ണത്തിലും രാജ്യത്തെ സര്‍വ്വകലാ ശാലകളില്‍ വ്യത്യസ്ത രീതി നിലനില്‍ക്കുന്നു. മൂന്നുമുതല്‍ ഏഴുവരെ അംഗങ്ങളുള്ള സേര്‍ച്ച്‌ കമ്മിറ്റികളാണ് രാജ്യത്തെ വിവിധ സര്‍വ്വകലാ ശാലകളിലെ വി.സി നിയമനത്തിനായി രൂപീകരിക്കപ്പെടുന്നത്. വിവിധ യൂണിവേഴ്‌സിറ്റികളില്‍ വിവിധ രീതിയിലാണ് സേര്‍ച്ച്‌ കമ്മിറ്റിയിലേക്കുള്ള നോമിനേഷന്‍ നടക്കുന്നത്. വിസിറ്റര്‍ / ചാന്‍സലര്‍, യു.ജി സി, സംസ്ഥാന ഗവൺമെണ്ട്, സെനറ്റ്, സിന്‍ഡിക്കേറ്റ്, എക്സിക്യുട്ടീവ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍ എന്നീ ബോഡികളുടെ പ്രതിനിധികള്‍ കൂടാതെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് / ജഡ്ജ് അല്ലെങ്കില്‍ ഇവരുടെ പ്രതിനിധി, സംസ്ഥാനത്തെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വൈസ്. ചാന്‍സലര്‍മാരുടെ പ്രതിനിധി തുടങ്ങിയവരാണ് സേര്‍ച്ച്‌ കമ്മിറ്റിയില്‍ ഇടം പിടിക്കുക.

1973 ലെ യുപി യൂണിവേഴ്‌സിറ്റീസ് ആക്‌ട് പ്രകാരം അലഹാബാദ് ഹൈകോടതി ജഡ്ജിയോ അല്ലെങ്കില്‍ ചീഫ്. ജസ്റ്റിസ് തന്നെയോ അല്ലെങ്കില്‍ ചീഫ്. ജസ്റ്റിസിൻ്റെ പ്രതിനിധിയോ സേര്‍ച്ച്‌ കമ്മിറ്റിയില്‍ അംഗമായിരിക്കും.

മധ്യപ്രദേശ് നിയമ പ്രകാരം ഹൈക്കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ അദ്ദേഹത്തിൻ്റെ നോമിനി സേര്‍ച്ച്‌ കമ്മിറ്റി അംഗമായിരിക്കും. ഗുജറാത്തില്‍ സംസ്ഥാനത്തെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വൈസ്. ചാന്‍സലര്‍മാരുടെ പ്രതിനിധി / നോമിനി സേര്‍ച്ച്‌ കമ്മിറ്റി അംഗമായിരിക്കും. ഇതിന് പുറമേ സിന്‍ഡിക്കേറ്റും അക്കാദമിക് കൗണ്‍സിലും സംയുക്തമായും ഒരു സേര്‍ച്ച്‌ കമ്മിറ്റി അംഗത്തെ നിര്‍ദ്ദേശിക്കും. ഇതൊക്കെ കാണാതെയാണ് കേവല സാങ്കേതികതയില്‍ തൂങ്ങി ഒരു സംസ്ഥാന ഗവര്‍ണര്‍ ഒമ്പത് സര്‍വ്വകലാശാലാ വൈസ്. ചാന്‍സലര്‍മാരോട് ഇറങ്ങിപ്പോകാന്‍ പറയുന്നത്. -മുഖ്യമന്ത്രി പറഞ്ഞു.

0Shares