
ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ പ്രയാസമനുഭവിക്കുന്ന മലയാളികളെ തിരികെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിന് വെളിയില്‍ കഷ്ടപ്പെടുന്ന മലയാളികളെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ക്ക് വേഗത കൂട്ടണമെന്നും ട്രെയിന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.
മലയാളികളെ തിരികെയെത്തിക്കാനായി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി സര്‍ക്കാര്‍ വീണ്ടും ആലോചിക്കണമെന്നും ബാംഗ്ലൂരിലേക്കും ഹൈദരാബാദിലേക്കുമെല്ലാം കെ.എസ്.ആര്‍ .ടി.സി. ബസുകള്‍ അയച്ചാല്‍ മലയാളികളെ നാട്ടിലെത്തിക്കാനാകുമെന്നും ഗുരുതരമായ ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങള്‍ ഇരുന്നൂറും മുന്നൂറും ബസുകള്‍ ഓടിച്ച് അവരുടെ ആളുകളെ മാതൃസംസ്ഥാനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ കേരളത്തിലെ ഒരു കെ.എസ്.ആര്‍.ടി.സി. ബസ് പോലും ഇത്തരത്തില്‍ ഉപയോഗിക്കില്ല എന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല. മലയാളികള്‍ക്ക് കേരളത്തിലേക്ക് മടങ്ങിവരാനുള്ള സൗകര്യം ഒരുക്കണം ,അടിയന്തരമായി പാസ്സുകളുടെ വിതരണം പുനരാരംഭിക്കണം.
ആവശ്യപ്പെടുന്നവര്‍ക്കെല്ലാം പാസ്സുകള്‍ നല്‍കണം. മലയാളികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇനിയെങ്കിലും വ്യക്തമായ ധാരണകള്‍ ഉണ്ടാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നൂറുകണക്കിന് ആളുകള്‍ അതിര്‍ത്തികളില്‍ വന്ന് കാത്തുകിടക്കുകയാണെന്നും തീരുമാനമെടുക്കാനുള്ള ഉദ്യോഗസ്ഥരെ ആരെയും അതിര്‍ത്തികളില്‍ കാണാനില്ലെന്നും ചെന്നിത്തല ആരോപിച്ചു.
ബന്ധപ്പെട്ട ഒരു മന്ത്രി പോലും അതിര്‍ത്തികള്‍ സന്ദര്‍ശിച്ചിട്ടില്ല. ബന്ധപ്പെട്ടവരാരും ഇല്ലാത്തതുകൊണ്ട് തന്നെ അതിര്‍ത്തികളില്‍ ഓരോ ദിവസവും തീരുമാനങ്ങള്‍ മാറിക്കൊണ്ടിരിക്കുകയും പുതിയ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
