ചമ്പല്‍ കൊള്ളക്കാരി എന്ന് പരിഹാസം; ഹിജാബ് ധരിച്ചവരെ പുറത്താക്കി രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂള്‍

You are currently viewing ചമ്പല്‍ കൊള്ളക്കാരി എന്ന് പരിഹാസം; ഹിജാബ് ധരിച്ചവരെ പുറത്താക്കി രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂള്‍

രാജസ്ഥാനിലെ സർക്കാർ സ്‌കൂളില്‍ നിന്ന് ഹിജാബ് ധരിച്ചവരെ പുറത്താക്കി. പീപർ ടൗണിലെ സ്‌കൂളിലാണ് സംഭവം. പുറത്തക്കാപ്പെട്ട വിദ്യാർഥിനികളും രക്ഷിതാക്കളും പ്രതിഷേധിക്കുന്ന വീഡിയോ സഹിതം ഹേറ്റ് ഡിറ്റക്ടറാണ് എക്‌സില്‍ വിവരം പങ്കുവെച്ചത്.

തങ്ങളെ ചമ്പല്‍ കൊള്ളക്കാരിയെന്ന് വിളിച്ചെന്നും ഹിജാബ് ധരിച്ചാല്‍ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി പെടുത്തിയതായും വിദ്യാർഥികള്‍ പറഞ്ഞു. ‘എല്ലാ ദിവസവും ഞങ്ങള്‍ ഭീഷണികള്‍ നേരിട്ടു, പീഡിപ്പിക്കപ്പെട്ടു’ ഹിജാബ് ധരിച്ച വിദ്യാർഥിനി പറഞ്ഞു.

‘ഹിജാബ് ധരിച്ചാല്‍ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് വളരെ അധാർമികമാണ്’ പുറത്തുവന്ന വീഡിയോയില്‍ രക്ഷിതാക്കളിൽ ഒരാള്‍ പറഞ്ഞു. ചമ്പല്‍ കൊള്ളക്കാരിയെന്ന് തങ്ങളെ വിളിച്ചെന്ന് വിദ്യാർഥിനികളിൽ ഒരാള്‍ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

‘ഹിജാബ് സ്‌കൂളില്‍ അംഗീകരിക്കപ്പെടില്ലെന്ന് അവർ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. ഹിജാബ് ധരിക്കുന്നത് തുടർന്നാല്‍ നിങ്ങളുടെ മാർക്ക് കുറയ്ക്കുമെന്നും പറഞ്ഞു’ വിദ്യാർഥിനി വ്യക്തമാക്കി.

സർക്കാർ നിർദേശിച്ച വസ്ത്ര ധാരണയോടെ സ്‌കൂളില്‍ വരാൻ മാത്രമാണ് തങ്ങള്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടതെന്ന് സ്‌കൂള്‍ പ്രിൻസിപ്പാള്‍ ജാഗ്‌രൂക് ജനതയോട് പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ സർക്കാർ പ്രത്യേക വസ്ത്ര ധാരണാ രീതി നിർദേശിച്ചിട്ടുണ്ടെന്നും വിദ്യാർഥികള്‍ ആ രൂപത്തില്‍ മാത്രമേ പോകാവൂവെന്നും കുറച്ച്‌ ദിവസം മുമ്പ് വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ പറഞ്ഞിരുന്നു. ഭജൻ ലാല്‍ ശർമ്മയുടെ നേതൃത്വത്തില്‍ ബി.ജെ.പി സർക്കാറാണ് രാജസ്ഥാൻ ഭരിക്കുന്നത്.

2022ല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കർണാടക ശിരോവസ്ത്രം നിരോധിച്ചത് ഏറെ വിവാദമായിരുന്നു. ബി.ജെ.പി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറാണ് നടപടിയെടുത്തത്.

അതിന് ശേഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയായ സിദ്ധരാമയ്യ ഹിജാബ് വിലക്ക് നീക്കുന്നത് ആലോചനയിലാണെന്ന് കഴിഞ്ഞ വർഷം ഡിസംബറില്‍ പറഞ്ഞിരുന്നു.

0Shares