കണ്ടെയ്‌മെന്റ് സോണില്‍ പോലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടരുത്: കളക്ടര്‍ ഡോ. ഡി. സജിത്ബാബു

  • Post category:news
  • Reading time:1 min read
You are currently viewing കണ്ടെയ്‌മെന്റ് സോണില്‍ പോലും  സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടരുത്: കളക്ടര്‍ ഡോ. ഡി. സജിത്ബാബു

കാസര്‍കോട്: ക്വാറന്റൈന്‍ കാരണം പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ ഹാജരാകാതിരിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജില്ലാകളക്ടര്‍ ഡോ. ഡി. സജിത്ബാബു ജില്ലാതലകോറോണ കോര്‍ കമ്മിറ്റി വീഡിയോ കോണ്‍ഫറന്‍സിങ് യോഗത്തില്‍ അറിയിച്ചു. കണ്ടെയ്‌മെന്റ് സോണില്‍ പോലും ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ പാടില്ല.ഏതെങ്കിലും ഓഫീസില്‍ ഒരു കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ആ വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ (ഒന്നര മീറ്റര്‍ അകലത്തിനുള്ളില്‍ 15 മിനിറ്റിലധികം നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മാത്രം) 14 ദിവസത്തെ ക്വാറന്റൈനില്‍ പോകണം.എന്നാല്‍ അണുനശീകരണം നടത്തി 24 മണിക്കൂര്‍ അടച്ചിട്ടതിനു ശേഷം ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിക്കാം.

ഓണാഘോഷവുമായി ബന്ധപ്പെട്ട് ടൗണിലേക്കിറങ്ങുന്ന വാഹനങ്ങളെ ആര്‍.ടി.ഒ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജില്ലാ പോലീസ് മേധാവി യോഗത്തില്‍ നിര്‍ദേശിച്ചു. ആര്‍.ടി.ഒ യുടെ സാധാരണ പരിശോധനയ്ക്കു പുറമെ, വാഹനങ്ങളില്‍ 65 വയസിന് മേല്‍ പ്രായമുള്ളവരോ 10 വയസിന് താഴെ പ്രായമുള്ള കുട്ടികളോ ഇല്ല എന്നു കൂടി ഉറപ്പു വരുത്തണം. വാഹനങ്ങളില്‍ ഈ പ്രായപരിധിയിലുള്ളവരെ കണ്ടെത്തിയാല്‍ അവരെ തിരിച്ചയക്കേണ്ടതാണെന്ന് കളക്ടര്‍ പറഞ്ഞു.

തൃക്കരിപ്പൂര്‍ – പയ്യന്നൂര്‍ റോഡിലൂടെ വ്യാപാരികളെയും തൊഴിലാളികളെയും മറ്റും കണ്ണൂര്‍ ജില്ലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് അനുവദിക്കാത്തത് സംബന്ധിച്ച പരാതികളുയരുന്നതായി എ.ഡി.എം യോഗത്തില്‍ അറിയിച്ചു. ഇക്കാര്യം കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്‍റെ ശ്രദ്ധയില്‍പെടുത്തുമെന്ന് കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ ജില്ലാകളക്ടര്‍ അധ്യക്ഷത വഹിച്ചു.ജില്ലാപോലീസ് മേധാവി ഡി. ശില്പ,സബ്കളക്ടര്‍ അരുണ്‍ കെ. വിജയന്‍,ഡി. എം. ഒ ഡോ. എ. വി രാംദാസ്,എ.ഡി.എം എന്‍. ദേവീദാസ് ,വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

0Shares