
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ പേര് ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷത്തിനും നിയമനം ലഭിക്കാത്തതിനാല്‍, സപ്ലിമെന്ററി ലിസ്റ്റുകളുടെ വലിപ്പം കുറയ്ക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമുണ്ടായേക്കും. നിയമനം ആവശ്യപ്പട്ട് വിവിധ റാങ്ക് ഹോള്‍ഡേഴ്സ് സംഘടനകള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണിത്.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, കെ.എസ് ആന്‍ഡ് എസ്.എസ്.ആറില്‍ ഉള്‍പ്പെടുത്തിയ 14ഇ ഉപചട്ട പ്രകാരം ,റാങ്ക് ലിസ്റ്റിന്‍റെ സപ്ലിമെന്ററി ലിസ്റ്റില്‍ ഓരോ സംവരണ സമുദായത്തിനും അനുവദിച്ചിട്ടുള്ള സംവരണ ക്വാട്ട ഉറപ്പാക്കാനായി ക്വാട്ടയുടെ അഞ്ചു മടങ്ങില്‍ കുറയാത്ത ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തുന്നുണ്ട്.

ഇക്കാരണത്താല്‍ ,ലിസ്റ്റിലുള്ള മുഴുവന്‍ പേരുടെയും നിയമനം നടക്കുന്നതിന് മുന്‍പ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാല്‍ കാലാവധി നീട്ടാനുള്ള ആവശ്യം ഉയരുകയും കോടതിക്കേസുകളും സമരങ്ങളും പതിവാവുകയും ചെയ്യുന്നു. ലിസ്റ്റിന്‍റെ വലിപ്പം കുറയ്‌ക്കാന്‍ ആലോചിക്കുന്നതിന് കാരണം ഇതാണ്.
കെ.എസ് ആന്‍ഡ് എസ്.എസ്.ആറില്‍ പുതുതായി ഉള്‍പ്പെടുത്തിയ 14 ഇ എന്ന വ്യവസ്ഥയും അനുബന്ധവിഷയങ്ങളും പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ 2019 ഡിസംബറില്‍ നിയമിച്ച ജസ്റ്റിസ് കെ.കെ. ദിനേശന്‍ കമ്മീഷനോട്, അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നവരുടെ എണ്ണം കുറയ്‌ക്കാന്‍ പി.എസ്.സിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കും.
മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമന ശുപാര്‍ശയുടെയോ, ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുന്നത് വരെ ലഭിച്ച ഒഴിവുകളുടെയോ എണ്ണം നോക്കി അതിന്‍റെ മൂന്നിരട്ടി ഉദ്യോഗാര്‍ത്ഥികളെയാണ് ഓരോ റാങ്ക് ലിസ്റ്റിന്റെയും മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ജോലിക്ക് ഹാജരാകാത്തവരുടെ കുറവ് പരിഹരിക്കാനാണിത്.
ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.സി പോലുള്ള തസ്തികകളുടെ റാങ്ക് ലിസ്റ്റുകളില്‍ ഒരേ ഉദ്യോഗാര്‍ത്ഥികള്‍ തന്നെ ഇടം പിടിക്കുന്നതിനാലും വലിയ ലിസ്റ്റുകള്‍ തയ്യാറാക്കുന്നുണ്ട്. മെയിന്‍ ലിസ്റ്റിലെ മൂന്നിലൊന്നു പേര്‍ക്കും അതിന്റെ ആനുപാതികമായി സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കും സാധാരണയായി നിയമനം ലഭിക്കും. ഒഴിവുകള്‍ കൂടുതലാണെങ്കില്‍ ചിലപ്പോള്‍ ലിസ്റ്റിന്‍റെ പകുതിയിലേറെ പേര്‍ക്കും നിയമനം ലഭിക്കാം. സപ്ലിമെന്ററി ലിസ്റ്റിലേത് പോലെ 14 ഇ ചട്ടം മെയിന്‍ ലിസ്റ്റിന് ബാധകമല്ല.
