
എണ്‍പതാമത് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനില്‍ ഇടംപിടിച്ച് ആര്‍.ആര്‍.ആര്‍ ചലച്ചിത്രം. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഒറിജിനല്‍ സോംഗ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി രണ്ട് നോമിനേഷനുകളാണ് രാജമൗലി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഓല്‍ ക്വയറ്റ് ഓണ്‍ ദ വെസ്‌റ്റേണ്‍ ഫ്രണ്ട് (ജര്‍മ്മനി), അര്‍ജന്റീന 1985 (അര്‍ജന്റീന), ക്ലോസ് (ബെല്‍ജിയം), ഡിവിഷന്‍ ടു ലീവ് (ദക്ഷിണ കൊറിയ) തുടങ്ങിയ ചിത്രങ്ങളാണ് വിദേശ ഭാഷാ ചിത്രങ്ങളില്‍ ആര്‍.ആര്‍.ആറിനൊപ്പം മത്സരിക്കുന്നത്.

‘നാട്ടു കുത്തൂ…’ എന്ന ഗാനത്തിനാണ് മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. ബ്ലാക് പാന്തറിലെ ലിഫ്റ്റ് മി അപ്, ടോപ് ഗണ്ണിലെ ഹോള്‍ഡ് മൈ ഹാന്‍ഡ് എന്നീ ഗാനങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
കോമരം ഭീമിൻ്റെയും അല്ലൂരി സീതാരാമ രാജുവിൻ്റെയും ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ആര്‍.ആര്‍.ആര്‍. ആഗോള തലത്തിലും ചിത്രം വലിയ സ്വീകാര്യത നേടിയിരുന്നു. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍ ബ്രിട്ടീഷ് അഭിനേതാക്കളായ റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
