
കോഴിക്കോട്: ഗോകുലം ഗ്രൂപ്പിൻ്റെ വിവിധ ഇടങ്ങളിൽ ഇ.ഡി ഉദ്യോഗസ്ഥർ ഇന്ന് നടത്തിയ റെയ്ഡ് എമ്പുരാൻ സിനിമയുടെ പകപോക്കലെന്ന് വിലയിരുത്തൽ. വർഗീയ ശക്തികൾക്കെതിരെ ശബ്ദമുയർത്തിയ സിനിമ കേന്ദ്ര സർക്കാരിനെയും ഹിന്ദുത്വ വർഗീയ ശക്തികളെയും ചാടിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സിനിമയിലെ നിർമ്മാണ പങ്കാളി ഗോകുലം ഗോപാലനെ അവരുടെ വരുതിയിലാക്കാനുള്ള തന്ത്രമാണ് റെയ്ഡിലൂടെ ലക്ഷ്യം വെക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ മുതൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥർ ഒരേസമയം കോഴിക്കോട്, ചെന്നൈ എന്നിവിടിങ്ങളിൽ റെയ്ഡ് നടത്തിയത്.
ഇ.ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് രാവിലെ 11.30യ്ക്ക് ശേഷം കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിൻ്റെ ഓഫീസിലെത്തിയത്. 24 ന്യൂസ് ചാനലിൻ്റെ ഡയറക്ടർ ബോർഡ് യോഗം നടക്കുന്നതിനാൽ ഗോകുലം ഗോപാലനും ഈ സമയത്ത് ഓഫീസിലുണ്ടായിരുന്നു എന്നാണ് വിവരം. ഇദ്ദേഹത്തിൻ്റെ ചെന്നൈയിലെ ഓഫിസിലും വീട്ടിലും ഇ.ഡി പരിശോധന നടത്തി. കോടമ്പാക്കത്ത് ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിൻ്റെ കോർപറേറ്റ് ഓഫീസിലും, നീലാങ്കരയിലെ ഗോപാലിൻ്റെ ഓഫിസിലുമാണ് പരിശോധന. പി.എം.എൽ.എ, ഫെമ ചട്ട ലംഘനങ്ങളിലാണ് അന്വേഷണമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണങ്ങളുടെ തുടർച്ചയായാണ് പരിശോധന എന്നും പറയുന്നു. മുൻപും ഗോകുലം ഗോപാലനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിട്ടുണ്ട്.
