
രാജ്യത്തെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. മൈസൂരിലെ ചാമുണ്ഡി ഹിൽസിലെത്തിയ ഉത്തർപ്രദേശ് സ്വദേശിനിയായ കോളജ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹില്‍സിൽ എത്തിയ പെണ്‍കുട്ടിയെ ആറംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.

ബൈക്ക് തടഞ്ഞ് നിര്‍ത്തി സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ ശേഷമായിരുന്നു പെൺകുട്ടിയെ ആക്രമിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയും സുഹൃത്തും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായാണ് പോലീസിൽ നിന്ന് ലഭിച്ച വിവരം. സംഭവത്തില്‍ മൈസൂരു അല്ലനഹള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. പെൺകുട്ടിയും സുഹൃത്തും മൊഴി നൽകാനുള്ള അവസ്ഥയിലല്ലെന്നും ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയാൽ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പോലീസ് അറിയിച്ചു.
