
ആലപ്പുഴ: സിപിഎമ്മിന് കനത്ത തിരിച്ചടി. മുതിർന്ന നേതാവ് ജി സുധാകരൻ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ജി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടി വിട്ടതായുള്ള നിര്‍ണായക പ്രഖ്യാപനം ജി സുധാകരൻ നടത്തിയത്. ആലപ്പുഴയിലെ മുതിര്‍ന്ന സിപിഎം അംഗമായിരുന്ന ജി സുധാകരൻ 60 വര്‍ഷത്തെ പാര്‍ട്ടി ബന്ധമാണ് ഉപേക്ഷിച്ചത്. ആരുടെയും പിന്തുണ തേടില്ലെന്നും മത്സരം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് എതിരല്ലെന്നും സുധാകരൻ വ്യക്തമാക്കി. ഇനി സ്വതന്ത്ര നിലപാടായിരിക്കുമെന്നും ഒരിടത്തും പ്രസംഗിക്കാൻ പോകില്ലെന്നും സുധാകരൻ നിലപാട് വ്യക്തമാക്കി.
മൂന്ന് ആഴ്ച മുൻപ് മെമ്പർഷിപ് പുതുക്കാൻ സുധാകരനെ സമീപിച്ചെങ്കിലും പുതുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അദ്ദേഹത്തെ പാർട്ടി നേതൃത്വം അവഗണിക്കുന്നതായി അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് ശേഷം പാർട്ടി നേതാക്കൾ അനുനയത്തിന് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിന് പിന്നാലെ പിണറായി വിജയൻ ആലപ്പുഴയിൽ പരിപാടിക്ക് എത്തിയെങ്കിലും സുധാകരനുമായി ചർച്ചക്ക് തയ്യാറായിരുന്നില്ല. ഇതോടെ സുധാകരൻ പാർട്ടിയിൽ നിന്നും പൂർണ്ണമായും അകന്നു. ആലപ്പുഴയിലെ പാർട്ടി നേതൃത്വം സുധാകരനെ അവഗണിക്കുന്നതായി ആരോപണം അദ്ദേഹം ഉന്നയിച്ചിരുന്നു. ചിലർ സുധാകരനെ അസഭ്യം പറഞ്ഞതായും അച്ഛന് വരെ വിളിച്ച് അപമാനിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. പാർട്ടിക്ക് വേണ്ടി കറകളഞ്ഞ രാഷ്ട്രീയം നടത്തിയ സുധാകരൻ ജനകീയ നേതാവാണ്. നിരവധി മര്‍ദനങ്ങള്‍ അടക്കം ഏറ്റുവാങ്ങിയാണ് സുധാകരൻ ആലപ്പുഴയിലെ പാർട്ടിയെ വളർത്തിയത്. സുധാകരൻ പാർട്ടി വിട്ടതോടെ ആലപ്പുഴയിൽ രാഷ്ട്രീയ ചർച്ചക്ക് വഴിവെച്ചു. സുധാകരനെ യുഡിഎഫ് പിന്തുണക്കുമോ എന്നത് കണ്ടറിയണം.
