
ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച പതിനെട്ടാമത് ജി-20 ഉച്ചകോടിക്ക് ന്യൂഡല്‍ഹിയില്‍ സമാപനം. അടുത്ത ഉച്ചകോടിക്ക് വേദിയാകുന്ന ബ്രസീലിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി-20 അധ്യക്ഷസ്ഥാനം കൈമാറിയതോടെയാണ് രണ്ട് ദിവസം നീണ്ടുനിന്ന ഉച്ചകോടിയ്ക്ക് സമാപനമായത്. ബ്രസീല്‍ പ്രസിഡണ്ട് ലുല ഡ സില്‍വ മോദിയില്‍ നിന്ന് അധ്യക്ഷ സ്ഥാനം ഏറ്റുവാങ്ങി.
2022 ഡിസംബർ ഒന്നിന് ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ ജി-20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. എല്ലാ രാഷ്ട്രങ്ങളുടെയും പരസ്‌പര ബന്ധത്തിനും ആഗോള വെല്ലുവിളികളിൽ കൂട്ടായ പ്രവർത്തനത്തിൻ്റെ ആവശ്യകതയ്ക്കും ഊന്നൽ നൽകുന്ന ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്നതായിരുന്നു ഈ വർഷത്തെ ഉച്ചകോടിയുടെ വിഷയം.

ബ്രസീല്‍ പ്രസിഡണ്ട് ലുല ഡ സില്‍വയെ അഭിനന്ദിക്കുന്നതായും ജി-20 അധ്യക്ഷപദവി കൈമാറുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. വളര്‍ന്നുവരുന്ന സമ്പദ്ഘടനകളെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ചയാക്കിയ ഇന്ത്യയേയും പ്രധാനമന്ത്രിയേയും അഭിനന്ദിക്കുന്നതായി ലുല ഡ സില്‍വയും അറിയിച്ചു. ഡിസംബര്‍ ഒന്നിനാകും ബ്രസീല്‍ ഔദ്യോഗികമായി അധ്യക്ഷപദവി ഏറ്റെടുക്കുക.
ഞായറാഴ്‌ച രാവിലെ ലോകനേതാക്കൾ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ചു. ഗാന്ധിജിയുടെ കാലാതീതമായ ആദർശങ്ങൾ നമ്മുടെ കൂട്ടായ കാഴ്‌ചപ്പാടിനെ നയിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
“രാജ്ഘട്ടിൽ, ജി 20 കുടുംബം സമാധാനത്തിൻ്റെയും അഹിംസയുടെയും സേവനത്തിൻ്റെയും അനുകമ്പയുടെയും പ്രകാശമായ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. വൈവിധ്യമാർന്ന രാഷ്ട്രങ്ങൾ ഒത്തുചേരുമ്പോൾ, ഗാന്ധിജിയുടെ കാലാതീതമായ ആദർശങ്ങൾ യോജിപ്പുള്ളതും ഉൾക്കൊള്ളുന്നതും സമൃദ്ധവുമായ ഒരു ആഗോള ഭാവിക്കായി നമ്മുടെ കൂട്ടായ കാഴ്‌ചപ്പാടിനെ നയിക്കുന്നു’- മോദി എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉൾപ്പടെയുള്ള ഒട്ടുമിക്ക ലോകനേതാക്കളും മോദിക്കൊപ്പം രാജ്ഘട്ടിലെത്തി ഗാന്ധിജിക്ക് ആദരാജ്ഞലികളർപ്പിച്ചു.
സെപ്തംബർ 9ന് ന്യൂഡൽഹിയിലെ പ്രകൃതി മൈതാനത്ത് ഒരുക്കിയ ഭാരത് മണ്ഡപം ഇൻ്റെർനാഷണൽ എക്സിബിഷൻ- കൺവെൻഷൻ സെൻ്റെറിലാണ് ജി-20 നേതാക്കളുടെ ഉച്ചകോടിക്ക് തുടക്കമിട്ടത്.
