
കാസർകോട്: ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച സമ്പൂർണ ഡിജിറ്റൽ സാക്ഷരതാപദ്ധതി റിസോഴ്സ് പേഴ്സൺ മാർക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലനത്തിൽ കൈറ്റ് ജില്ലാ കോർഡിനേറ്റർ കെ. ശങ്കരൻ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെറിൻ അധ്യക്ഷത വഹിച്ചു
നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ, ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ കെ.പ്രദീപൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ , അക്ഷയ ജില്ലാ അസി കോർഡിനേറ്റർ ബി. സന്തോഷ് കുമാർ , കെ .കെ രാഘവൻ എന്നിവർ സംസാരിച്ചു. ജില്ലാ സാക്ഷരതാമിഷൻ കോർഡിനേറ്റർ പി. എൻ ബാബു സ്വാഗതവും കെ.വി വിജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ഉയരങ്ങൾ കീഴടക്കാം എന്ന സന്ദേശവുമായി നടക്കുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പരിപാടിയിൽ പഞ്ചായത്തുകളിലെ രണ്ടു വീതം റിസോഴ്സ് പേഴ്സൺമാർക്കാണ് പരിശീലനം നൽകിയത്. ഇനി ഒരു വാർഡിൽ രണ്ടു വീതം ഡിജി ബ്രിഗ്രേഡ് ടീമിനെ തെരഞ്ഞെടുത്ത് പഞ്ചായത്ത് തലത്തിൽ പരിശീലനം നൽകും. കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സർക്കാർ സേവനങ്ങൾക്കും ബാങ്കിംഗ് ഇടപാടുകൾക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സംബന്ധിച്ച് പരിശീലിപ്പിക്കും. പഞ്ചായത്തുകളിലെ ലൈബ്രറികൾ കേന്ദ്രീകരിച്ചും അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെയുമാണ് പരിശീലനം നൽകുന്നത്ഇനി പഞ്ചായത്ത് തല സംഘാടക സമിതികള്‍ രൂപീകരിക്കും.
ജില്ലാ പഞ്ചായത്ത് കാസർകോട് ജില്ലാ സാക്ഷരതാ മിഷൻ മുഖാന്തരം ജില്ലയിലെ മുഴുവൻ വാർഡു കളിലെയും 30 മുതൽ 60 വരെ പ്രായമുള്ള മുഴുവൻ പേർക്കും ഡിജിറ്റൽ സാക്ഷരതാ പഠിപ്പിക്കുന്നതിനുള്ള മുന്നോടിയായി ഓരോ പഞ്ചായത്തിൽ നിന്നും നഗരസഭയിൽ നിന്നുമുള്ള രണ്ടു വീതം കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ആർ.പിമാർക്കുള്ള പരിശീലനമാണ് നല്‍കിയത്. അമ്പത് വീടുകൾക്ക് ഒരു ക്ലാസ് എന്നുള്ള രീതിയിൽ 7000 ഡിജിറ്റൽ ലിറ്ററസി ക്ലാസുകൾ ആണ് ജില്ലയിൽ ആരംഭിക്കുന്നത്.

ഒരു ദിവസം രണ്ടു മണിക്കൂർ വീതം അഞ്ച് ദിവസം പത്തു മണിക്കൂർ ആണ് പഠിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. താഴെത്തട്ടിൽ ക്ലാസ്സ് എടുക്കുന്നവരെ ഡിജി ബ്രിഗേഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ജില്ലാ പഞ്ചായത്തും മറ്റ് ഗ്രാമപഞ്ചായത്തുകളും നഗരസഭയും ചേർന്ന സംയുക്ത പദ്ധതിയാണിത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് .
ജില്ലയിലെ പ്രമുഖ അഡ്വഞ്ചറിസ്റ്റ് പി. എൻ സൗമ്യയെ പദ്ധതിയുടെ അംബാസഡറായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷത്തെ പദ്ധതിയിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അഞ്ചു വാർഡുകളിൽ ഈ പദ്ധതി നടപ്പിലാക്കും .ബാക്കിയുള്ള വാർഡുകളിൽ അടുത്ത സാമ്പത്തിക വർഷം പദ്ധതി നടപ്പിലാക്കും ജില്ലാ സാക്ഷരതാ മിഷൻ, ഐടി മിഷൻ, കൈറ്റ് നവ കേരള മിഷൻ, ജില്ലാലൈബ്രറി കൗൺസിൽ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നത്.
