വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് സഊദിയിലെ ഏത് വിമാന താവളങ്ങളിലും ഇറങ്ങാനും തിരിച്ചു പോകാനും അനുമതി

You are currently viewing വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് സഊദിയിലെ ഏത് വിമാന താവളങ്ങളിലും ഇറങ്ങാനും തിരിച്ചു പോകാനും അനുമതി

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്ന് ഉംറ വിസയില്‍ വരുന്നവര്‍ക്ക് സഊദിയിലെ ഏത് വിമാന താവളത്തിലും ഇറങ്ങാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഏത് വിമാന താവളങ്ങള്‍ വഴിയും പ്രവേശിക്കുവാനും തിരിച്ച്‌ പോകുവാനും അനുവാദമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ ഉംറ വിസകളില്‍ വരുന്നവര്‍ ജിദ്ദ, മദീന വിമാന താവളങ്ങളില്‍ മാത്രമായിരുന്നു അനുമതി. ട്വിറ്ററില്‍ നടത്തിയ അന്വേഷണത്തിലാണ് ഹജ്ജ് ഉംറ മന്ത്രാലയം, രാജ്യത്തെ ഏത് വിമാന താവളം വഴിയും ഇറങ്ങാമെന്നും തിരിച്ചു പോകാമെന്നും മന്ത്രാലയം വ്യക്തമാക്കിയത്.

പുതിയ തീരുമാനം സഊദിയിലെ മലയാളികൾ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും ഏറെ ആശ്വാസമാകും. തങ്ങളുടെ കുടുംബങ്ങളെയും ഇത് പോലെ കൊണ്ട് വന്നു ഉംറ ചെയ്യിപ്പിക്കാനാകുമെന്നത് ഇവര്‍ക്ക് ആശ്വാസമാണ്. പുതിയ ഉംറ വിസ നിയമ പ്രകാരം 90 ദിവസം വരെ സഊദിയില്‍ എവിടെയും സഞ്ചരിക്കാനും അനുവാദമുണ്ടെന്നതും ശ്രദ്ധേയമാണ്. സഊദിയിലുള്ളവരുടെ അടുത്തേക്ക് നേരിട്ട് ഉംറ വിസകളില്‍ വരാനും തിരിച്ച്‌ പോകാനും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് അനുവാദമുണ്ടാകും.

അതേസമയം, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരെ രാജ്യത്തേക്ക് അതിഥികളായി കൊണ്ടുവരാന്‍ അനുവദിച്ചിരുന്ന ഉംറ ഹോസ്റ്റ് പദ്ധതി റദ്ധാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ ഔദ്യോഗിക സംവിധാനങ്ങളിലൂടെ അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

0Shares