
പത്തനംതിട്ട: അടൂരില്‍ മൂന്നര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. ഇളമണ്ണൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. തമിഴ്‌നാട് സ്വദേശിനിയായ യുവതി ഭിക്ഷ യാചിച്ച് വീട്ടിലെത്തിയ ശേഷം സിറ്റൗട്ടിലിരുന്ന കുട്ടിയെയും എടുത്ത് ഓടുകയായിരുന്നു.
നാടോടി സ്ത്രീ കുഞ്ഞിനെയും എടുത്ത് ഓടുന്നത് ആദ്യം കണ്ടത് തൊഴിലുറപ്പ് തൊഴിലാളികളാണ്. ശേഷം ഇവര്‍ തന്നെയാണ് നാടോടി സ്ത്രീയുടെ പിന്നാലെയോടി കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടി പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

പൊലീസിൻ്റെ പിടിയിലായപ്പോള്‍ യുവതി ഊമയായി അഭിനയിച്ചിരുന്നു. ഇവർക്ക് ഭിക്ഷാടന മാഫിയയുമായി ബന്ധം ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
നാടോടി സ്ത്രീയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ എന്നാണ് പൊലീസ് പറഞ്ഞു. രാവിലെ ഇവര്‍ പല വീടുകളിലും ഭിക്ഷ യാചിച്ച് ചെന്നിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ പണം എടുക്കാനായി വീട്ടിനകത്തേക്ക് പോയപ്പോഴാണ് സിറ്റൗട്ടിലിരുന്ന കുട്ടിയെയും എടുത്ത് നാടോടി സ്ത്രീ രക്ഷപ്പെടാന്‍ ശ്രമിച്ചത്.
