
പ്രളയം ഉലച്ച കോവിഡ് മഹാമാരി നട്ടെല്ലൊടിച്ച സമ്പദ് വ്യവസ്ഥയുടെ പശ്ചാത്തലത്തിലാണ് പിണറായി വിജയൻ സർക്കാരിന്‍റെ ആറാമത്തെ ബജറ്റ് വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കപ്പെടാൻ പോകുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നുമാസം മാത്രം അവശേഷിക്കുമ്പോൾ സർക്കാരിനെ സംബന്ധിച്ചിടത്തോളം സർക്കാരിന് ബജറ്റ് ഒരു രാഷ്ട്രീയ ആയുധം കൂടിയാണ്.
സ്വർണക്കള്ളക്കടത്ത്, ബിനീഷ് കോടിയേരി വിഷയങ്ങളിൽ പെട്ട് വലഞ്ഞ സർക്കാരിനെ രക്ഷിച്ചത് കോവിഡ് കാലത്തെ കിറ്റ്-ക്ഷേമപെൻഷൻ വിതരണമാണെന്ന തിരിച്ചറിവിൽ ഈ സർക്കാരിന്‍റെ അവസാനബജറ്റിലും അതിന്റെ ചുവട് പിടിച്ച് വാരിക്കോരിക്കൊടുക്കാനുളള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.
സംസ്ഥാനത്തിന്‍റെ വളർച്ചാനിരക്ക് താഴേക്ക് പോകുന്നുവെന്ന സാമ്പത്തിക സർവേ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണ് ബജറ്റ് പ്രതീക്ഷകളെ കുറിച്ച് പറയേണ്ടത്.കഴിഞ്ഞ വർഷത്തെ 6.49 ശതമാനത്തിൽ നിന്ന് 3.45 ശതമാനത്തിലേക്ക് വളർച്ചനിരക്ക് കുറഞ്ഞിരിക്കുന്നത്.റവന്യൂ വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായി. കാർഷികമേഖലയടക്കം സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാകുന്ന എല്ലാ മേഖലകളും തകർച്ചയിലാണ്.
ഈ സാഹചര്യത്തിൽ വിവിധമേഖലകൾ കേന്ദ്രീകരിച്ചുള്ള പാക്കേജുകൾക്ക് സർക്കാർ രൂപം നൽകിയേക്കും. ഗൾഫ് അടക്കമുള്ള വിദേശമേഖലകളിൽ നിന്ന് തിരിച്ചെത്തിയവർക്ക് പുനരധിവാസത്തിനുള്ള പാക്കേജുകൾ ബജറ്റിൽ ഉൾപ്പെട്ടേക്കാം. കോവിഡ് ജോലി നഷ്ടപ്പെടുത്തിയ സംസ്ഥാനത്തെ അസംഘടിതമേഖലയിൽ ഉള്ളവരെയും പരിഗണിക്കേണ്ടതുണ്ട്. കോവിഡിലെ ലോക്ഡൗണിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടതിനെ തുടർന്ന് വരുമാനമില്ലാതെ വന്ന കച്ചവടക്കാർ വായ്പകൾ തിരിച്ചടയ്ക്കാനാകാതെ വലയുകയാണ്. അവരെ കരകയറ്റാനുതകുന്ന സമഗ്രപാക്കേജ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു.

നാട്ടിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് പ്രത്യേകിച്ച് അസംഘടിതമേഖലയിൽ ഉള്ളവർക്ക് പ്രത്യേക പരിഗണന ഉണ്ടാകും എന്നും പ്രതീക്ഷയുണ്ട്. റവന്യൂ വരുമാനത്തിൽ കനത്ത ഇടിവുണ്ടാകുമെങ്കിലും തിരഞ്ഞെടുപ്പ് വർഷത്തിൽ പുതിയ നികുതിഭാരം അടിച്ചേൽപ്പിക്കപ്പെടാൻ സാധ്യതയില്ല. കർഷകസമരത്തിന്‍റെ പശ്ചാത്തലം കൂടിയുള്ളതു കൊണ്ടും കാർഷികമേഖലയുടെ തകർച്ചയും കൊണ്ട് കർഷകക്ഷേമ പദ്ധതികൾ ബജറ്റിൽ ഉറപ്പിക്കാം.
തദ്ദേശതിരഞ്ഞെടുപ്പിലെ സർക്കാരിന്റെ തുറുപ്പ് ഗുലാനായ ക്ഷേമപെൻഷനുകളിലെ വർധന ബജറ്റിൽ പ്രതീക്ഷിക്കപ്പെടുന്ന ഒരിനമാണ്.ഇത്തവണ ബജറ്റിന്‍റെ ഹൈലൈറ്റുകളിൽ ഒന്നു തന്നെയാണ് ക്ഷേമപെൻഷനുകൾ.ഇതിനെ മുൻകൂട്ടി കണ്ടാണ് യു.ഡി.എഫ് മുന്നോട്ട് വച്ച ന്യായ് പദ്ധതി.യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ ഉറപ്പ് നൽകുന്ന വാഗ്ദാനം മുന്നോട്ട് വച്ചിരിക്കുകയാണ് മുന്നണി.
അതേസമയം കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ ഉയർത്തിക്കാണിച്ച വൻപദ്ധതികൾ എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും എന്നതിൽ അനിശ്ചിതത്വമുണ്ട്. സർക്കാരിന്‍റെ പരിമിതമായ നികുതി വരുമാനം ക്ഷേമപദ്ധതികളിലേക്ക് വഴിതിരിച്ചുവടുന്ന സാഹചര്യത്തിലാണിത്. അവ മുന്നോട്ട് കൊണ്ടുപോകാൻ കിഫ്ബി അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടെന്ന് സർക്കാരിന് പറഞ്ഞുനിൽക്കാമെങ്കിലും അതു കടക്കെണി സൃഷ്ടിക്കും എന്ന പ്രതിപക്ഷആരോപണത്തിന് സർക്കാർ മറുപടി പറയേണ്ടി വരും.
