ഉരുൾ പൊട്ടലിൽ വീടും സ്ഥലവും ഒരു രാത്രി കൊണ്ട് മാഞ്ഞുപോയ കവളപ്പാറ സ്വദേശികള്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍. ആ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങുവാന്‍ സര്‍ക്കാര്‍ ആറു ലക്ഷം രൂപ വീതം അനുവദിച്ചിരിക്കുകയാണ്.

വീടും സ്ഥലവും നഷ്ടപ്പെട്ട 462 കുടുംബങ്ങള്‍ക്കാണ് സ്ഥലം വാങ്ങാന്‍ തുക നല്‍കുന്നത്. ഇതിനായി 27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചത്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, പുഴ ഗതിമാറിയതിനെ തുടര്‍ന്ന് വീടുകള്‍ വാസയോഗ്യമല്ലാതായവര്‍, ജിയോളജി ടീം മാറ്റിപ്പാര്‍പ്പിക്കുന്നതിന് ശുപാര്‍ശ ചെയ്ത കുടുംബങ്ങള്‍ എന്നിവര്‍ക്ക് വീട് വെയ്ക്കാന്‍ അനുയോജ്യമായ സ്ഥലം വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.