
കാണ്‍പൂര്‍: നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ അയല്‍വാസിയായ സ്ത്രീയും മകളും ചേര്‍ന്ന് ബലിയുടെ പേരിൽ ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ചമ്രൗദി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ അയൽവാസിയായ യുവതിയെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന കുട്ടിയുടെ അമ്മ പരാതി നല്‍കിയതോടെയാണ് പോലീസ് ഗ്രാമത്തിൽ എത്തുന്നത്. ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത് അയൽവാസിയായ ബാലൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ യുവതിയുടെ ഇളയ മകനാണ് നിര്‍ണായക വിവരം പോലീസിന് നല്‍കിയത്. തന്‍റെ അമ്മയും സഹോദരിയും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം സമീപത്തെ പുഴയില്‍ തള്ളിയെന്നുമെന്നുമായിരുന്നു ബാലൻ്റെ മൊഴി.

മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പുഴയില്‍ തിരച്ചിൽ നടത്തി. ഇതോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ ചോദ്യം ചെയ്തതോടെയാണ് നിധി കണ്ടെത്താനായി പെണ്‍കുട്ടിയെ ബലി നല്‍കിയതാണെന്നവിവരം പുറംലോകം അറിയുന്നത്. ഒരു മന്ത്രവാദിയുടെ വാക്കനുസരിച്ചാണ് ഇവർ ഈ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിയുടെ കഴുത്തില്‍ മാരകമായ മുറിവുണ്ട്. സംഭവശേഷം ഒളിവിൽ പോയ മന്ത്രവാദിക്കായി തിരച്ചിൽ ആരംഭിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. മന്ത്രവാദി ഉടൻ വലയിലാകുമെന്ന് പോലീസ് പറഞ്ഞു.
