
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിൻ്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. കേസിലെ 20 സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ ദിലീപെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. ലൈംഗിക പീഡനത്തിന് ക്വട്ടേഷൻ ചരിത്രത്തിലെ ആദ്യത്തെ സംഭവം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ശ്രമവും പതിവില്ലാത്തത്.

ഓരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചു. വലിയ സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. സത്യം തെളിയാൻ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടിയിരിക്കുന്നുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിലെ തുടരന്വേഷണം സംബന്ധിച്ച് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൻ്റെ വിവരങ്ങളാണ് വിചാരണ കോടതിയിൽ നൽകിയത്. അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ പുതിയ ഹർജി നൽകിയിട്ടുണ്ട്. ഇത് ഈ മാസം 25 ന് പരിഗണിക്കും. ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് ദിലീപിൻ്റെ അഭിഭാഷകർ വാദിച്ചു. എന്നാൽ അന്വേഷണ ഉദ്യോസ്ഥൻ്റെ കൈവശമുള്ള പീഡന ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ.
