
കൊച്ചി: സ്‌റ്റേഡിയത്തെ മഞ്ഞക്കടലാക്കിയ ഐ.എസ്.എല്‍ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിൻ്റെ ആദ്യ ഗോളിൻ്റെ ആഹ്ലാദം കണ്ണീര്‍ നനവോടെ. ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയ അഡ്രിയാന്‍ ലൂണയാണ് മകളുടെ ഓര്‍മ്മയില്‍ കണ്ണിരണിഞ്ഞത്. തൻ്റെ കയ്യിലെ മകളുടെ പച്ചകുത്തിയ രൂപത്തെ തൊട്ട് ആകാശത്തേയ്‌ക്ക് നോക്കിയാണ് ഗോള്‍ നേടിയ അഡ്രിയാന്‍ ലൂണ കണ്ണീരണിഞ്ഞത്.
മകള്‍ ആറുവയസ്സുകാരി ജൂലിയേറ്റയുടെ വേര്‍പാടിൻ്റെ ഓര്‍മ്മ പിതാവായ ലൂണയെ പൊട്ടിക്കരയിച്ചു.

ഏപ്രില്‍ മാസമാണ് അഡ്രിയാന്‍ ലൂണയുടെ രോഗബാധിതയായ മകള്‍ ജൂലിയേറ്റ മരണപ്പെട്ടത്. സിസ്റ്റിക് ഫൈബ്ലോസിസ് എന്ന രോഗമാണ് അകാലത്തിലെ വേര്‍പാടിന് കാരണമായത്. ശ്വാസകോശത്തേയും മറ്റ് ആന്തരിക അവയങ്ങളേയും ബാധിക്കുന്ന ജനിതക രോഗമാണ് ലൂണയുടെ മകളെ ബാധിച്ചത്.
ഈസ്റ്റ് ബംഗാളിനെതിരെ 72-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ ലൂണയുടെ അതിവേഗ മുന്നേറ്റത്തിലൂടെ പിറന്നത്. ഹര്‍മന്‍ജ്യോത് ഖബ്രയുടെ ഓവര്‍ ഹെഡ് പാസാണ് വലതുകാല്‍ ഉയര്‍ത്തി ലൂണ ഗോളിക്ക് മുകളിലൂടെ വലയിലെത്തിച്ചത്. തുടര്‍ന്ന് യുക്രെയ്ന്‍ താരം ഇയാൻ്റെ ഇരട്ട ഗോളുകളുടെ മികവില്‍ 3-1ന് ഉജ്ജ്വല ജയമാണ് ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് നേടിയത്.
