
ഒ.എന്‍.ജി.സിയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്നും പണം തട്ടിയ യുവാവിനെ വിവാഹം ഉറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റ് ചെയ്തു. ആസാം പോലീസില്‍ ജോലി ചെയ്യുന്ന ജുന്‍മോനി രാഭയാണ് സാമ്പത്തിക കുറ്റത്തിന് റാണ പോഗാഗിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ തമ്മിലുള്ള വിവാഹം നവംബറില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കോടികളുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പൊതുമേഖല സ്ഥാപനമായ ഒ.എന്‍.ജി.സിയില്‍ പി.ആര്‍.ഒയായി ജോലി നോക്കുകയാണെന്ന് പറഞ്ഞാണ് ജുന്‍മോനി രാഭയെ റാണ പോഗാഗ് പരിചയപ്പെട്ടത്. പരസ്പരം ഇഷ്ടമായതോടെ താമസിയാതെ ഇവര്‍ വിവാഹിതരാവാന്‍ തീരുമാനിക്കുകയും കഴിഞ്ഞ ഒക്ടോബറില്‍ വിവാഹ നിശ്ചയം നടത്തുകയുമായിരുന്നു. എന്നാല്‍ തൊഴില്‍ തട്ടിപ്പ് നടത്തിയെന്ന് കാട്ടി റാണ പോഗാഗിനെതിരെ ചില പരാതികള്‍ ജുന്‍മോനിക്ക് ലഭിച്ചതാണ് വഴിത്തിരിവായത്.

തന്ത്രപൂര്‍വം യുവാവിൻ്റെ ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥയ്ക്ക് നിരവധി വ്യാജ സീലുകളും രേഖകളും കണ്ടെത്താനായി. തുടര്‍ന്ന് എഫ്. ആര്‍.ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പരാതിയുമായി തന്നെ കാണാനെത്തിയവരോട് നന്ദിപറയുകയാണ് പൊലീസ് ഉദ്യോഗസ്ഥ ഇപ്പോള്‍.
ഇതിന് മുന്‍പും ജുന്‍മോണി രാഭ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ബിഹ്പുരിയ എംഎല്‍എ അമിയകുമാര്‍ ഭുയാനുമായുള്ള സംഭാഷണമായിരുന്നു. ബിജെപി അനുഭാവികളുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നായിരുന്നു എം.എല്‍.എയുമായി ജുന്‍മോണി രാഭയ്ക്ക് ഇടയേണ്ടി വന്നത്. 2022 ജനുവരിയില്‍ ജുന്‍മോണി മജുലി ദ്വീപില്‍ ജോലി ചെയ്ത സമയത്തായിരുന്നു സംഭവം. ബ്രഹ്മപുത്രയില്‍ ഒറ്റ എഞ്ചിന്‍ ഘടിപ്പിച്ച ബോട്ടുകള്‍ നിരോധിച്ച നടപടിയാണ് തര്‍ക്കത്തിന് കാരണമാക്കിയത്. പൊലീസ് ബോട്ട് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ജുന്‍മോണി രാഭയുമായി തര്‍ക്കമുണ്ടായത്.
