ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ആറാം തവണയും ഒന്നാമത് ഫിന്‍ലന്‍ഡ്; ഡെന്മാര്‍ക്ക്, ഐസ്‌ലാന്‍ഡ് എന്നിവയ്ക്ക് രണ്ടും മൂന്നും, ഇന്ത്യയ്ക്ക് 126-ാം സ്ഥാനം

You are currently viewing ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ആറാം തവണയും ഒന്നാമത് ഫിന്‍ലന്‍ഡ്; ഡെന്മാര്‍ക്ക്, ഐസ്‌ലാന്‍ഡ് എന്നിവയ്ക്ക് രണ്ടും മൂന്നും, ഇന്ത്യയ്ക്ക് 126-ാം സ്ഥാനം

ലോകത്തിലെ ഏറ്റവും സന്തുഷ്ടിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായി ആറാം തവണയും ഫിന്‍ലന്‍ഡ് ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ ഡെന്മാര്‍ക്ക്, ഐസ്‌ലാന്‍ഡ് എന്നിവ യഥാക്രമം രണ്ടും മൂന്നും രാജ്യങ്ങളാണ്. ഇന്ത്യ 126-ാം സ്ഥാനത്ത്. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ സന്തുഷ്ടിയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അയല്‍രാജ്യങ്ങളായ നേപ്പാള്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍ എന്നിവ പട്ടികയില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണുള്ളത്. ചൈന അറുപത്തിനാലാം സ്ഥാനത്തും നേപ്പാള്‍ എഴുപത്തിയെട്ടാം സ്ഥാനത്തും പാകിസ്താന്‍ നൂറ്റിയെട്ടാം സ്ഥാനത്തും ശ്രീലങ്ക നൂറ്റിപ്പന്ത്രണ്ടാം സ്ഥാനത്തും ബംഗ്ലദേശ് നൂറ്റിപ്പതിനെട്ടാം സ്ഥാനത്തുമാണ്. റഷ്യ- യുക്രൈയ്ന്‍ യുദ്ധം ഇരുരാജ്യങ്ങളുടേയും സന്തോഷത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നും പട്ടിക വ്യക്തമാക്കുന്നു. റഷ്യ എഴുപത്തിയെട്ടാം സ്ഥാനത്തായപ്പോള്‍ യുക്രൈൻ തൊണ്ണൂറ്റി രണ്ടാം സ്ഥാനമാണ് .

ഇസ്രയേല്‍ (4), നെതര്‍ലന്‍ഡ്‌സ് (5), സ്വീഡന്‍ (6), നോര്‍വേ (7), സ്വിറ്റ്‌സര്‍ലന്‍ഡ് (8), ലക്‌സംബര്‍ഗ് (9), ന്യൂസിലന്‍ഡ് (10) എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റ് രാജ്യങ്ങള്‍. അന്താരാഷ്ട്ര സന്തോഷ ദിനമായി ആചരിക്കുന്ന മാര്‍ച്ച്‌ 20ന് പുറത്തുവിട്ട വേള്‍ഡ് ഹാപ്പിനസ് വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്.

പ്രതിശീര്‍ഷ വരുമാനം, സാമൂഹിക പിന്തുണ, ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ഉദാരസമീപനം, കുറഞ്ഞ അഴിമതി തുടങ്ങിയ വിവിധ ഘടകങ്ങള്‍ വിലയിരുത്തിയുള്ള സ്കോര്‍ അടിസ്ഥാനമാക്കിയാണ് ഒരു രാജ്യത്തിൻ്റെ സന്തോഷത്തിൻ്റെ തോത് നിര്‍ണയിക്കുന്നത്. ജീവിതത്തെ കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തല്‍, പോസിറ്റീവ് വികാരങ്ങള്‍, നെഗറ്റീവ് ചിന്തകള്‍ എന്നിവയും അടിസ്ഥാനമാക്കിയാണ് സന്തോഷ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. യു.എന്‍ സുസ്ഥിര വികസന സൊല്യൂഷന്‍സ് നെറ്റ് വര്‍ക് ആണ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.

0Shares