
മക്കോവോ ഇനത്തിൽപെട്ട തത്തയെ വളർത്തിയ ഒരാൾക്ക് ലഭിച്ചത് 74 ലക്ഷം രൂപ പിഴയും രണ്ട് മാസം തടവ് ശിക്ഷയും. തായ്വാനിലാണ് സംഭവം. പ്ലാസ്റ്റിക് സർജനായ ഡോ ലിൻ ആണ് അയൽക്കാരനായ ഹുവാങ്ങിനെതിരേ കേസ് കൊടുത്തത്. ഈ തത്ത തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഡോക്ടറെ വീഴ്ത്തിയതിനെ തുടർന്ന് തായിനൻ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
ഡോക്ടറുടെ തോളിൽ വന്നിരുന്ന ഈ തത്ത വലിയ ചിറകുകൾ ശക്തമായി വീശിയതോടെ അദ്ദേഹം പേടിച്ച് താഴെ വീഴുകയായിരുന്നു. വീഴ്ച്ചയിൽ ഡോക്ടറുടെ ഇടുപ്പെല്ല് പൊട്ടുകയും സ്ഥാനം തെറ്റുകയും ചെയ്തു. ഇതോടെ ശസ്ത്രക്രിയക്ക് വിധേയനായ ഡോക്ടർക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടായി. ഡോക്ടർക്ക് ആറ് മാസത്തോളം വിശ്രമം വേണ്ടിവന്നു. ഒരാഴ്ച്ച ആശുപത്രിയിലും ചെലവഴിക്കേണ്ടി വന്നു.

ഇത്രയും കാലം ജോലിക്ക് പോകാൻ കഴിഞ്ഞില്ല. കൂടാതെ പ്ലാസ്റ്റിക് സർജൻ ആയതിനാൽ മണിക്കൂറുകളോളം നിന്ന് ശസ്ത്രക്രിയ നടത്തേണ്ടിവരും. എന്നാൽ ഈ അപകടത്തിന് ശേഷം ഇത്രയും സമയം നിൽക്കാനുള്ള ശേഷി ഡോക്ടർക്ക് നഷ്ടപ്പെട്ടു. കൂടുതൽ സമയം നിന്ന് ജോലി ചെയ്യുമ്പോഴേക്കും മരവിപ്പ് അനുഭവപ്പെടുന്നുവെന്നും ഡോക്ടറുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചതായി തായ്വാൻ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
തത്തയുടെ ഉടമസ്ഥനായ ഹുവാങ്ങിൻ്റെ അശ്രദ്ധയാണ് ഈ അപകടത്തിലേക്ക് നയിച്ചതെന്നും 40 സെന്റി മീറ്റർ ഉയരവും ചിറകുകളുടെ നീളം 60 സെന്റി മീറ്ററുമുള്ള മക്കോവോ തത്തയെ വളർത്തുമ്പോൾ ഉടമസ്ഥൻ ആവശ്യമായ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണമായിരുന്നുവെന്നും കോടതി ഉത്തരവിൽ പറയുന്നു.
