
പൂച്ചാക്കല്‍ / ആലപ്പുഴ: തന്റെ ഉപജീവന മാര്‍ഗമായ വല കീറിയതിന് നഷ്ടപരിഹാരം ചോദിച്ചു ചെന്ന
മത്സ്യതൊഴിലാളിയെ അന്നു പുച്ഛിച്ചു തിരിച്ചയച്ചതില്‍ കാപികോ റിസോര്‍ട്ട് മാനേജ്മെന്റ് ഇപ്പോള്‍ ശരിക്കും
മനഃസ്താപിക്കുന്നുണ്ടാവണം. 200 കോടിയിലേറെ മുതല്‍ മുടക്കുണ്ടെന്ന് പറയുന്ന കാപികോ റിസോര്‍ട്ട്
പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നില്‍ വലിയ പരിസ്ഥിതി സംഘടനകളോ
സര്‍ക്കാരുകളോ ഒന്നുമല്ല, ഏതാനും മത്സ്യതൊഴിലാളികളുടെ ആത്മവീര്യത്തോടെ ഉള്ള പോരാട്ടമാണ്.
കെട്ടിട അവശിഷ്ടങ്ങള്‍ പുനരുപയോഗിക്കുന്നതിന് പ്ലാന്‍ അനുസരിച്ച് റിസോര്‍ട്ട് നടത്തിപ്പുകാര്‍ തന്നെയാണ് പൊളിക്കല്‍ നടത്തുന്നത്. എന്നാല്‍ കെട്ടിടം പൊളിക്കുന്നതിന് ജെ.സി.ബി അടക്കമുള്ള ദ്വീപില്‍ എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റിസോര്‍ട്ട് പൊളിച്ചു മാറ്റുന്നതിന് സുപ്രീം കോടതി 2020 ല്‍ ഉത്തരവിട്ടിരുന്നു.
പ്രധാന കെട്ടിടം, 54 കോട്ടേജുകള്‍ തുടങ്ങിയവയാണ് ദ്വീപില്‍ നിര്‍മിച്ചിട്ടുള്ളത്. പരിസ്ഥിതി മലിനീകരണം പൂര്‍ണമായും ഒഴിവാക്കിയാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ഇവിടെ നിന്നും നീക്കും. രണ്ടു കോട്ടേജുകളുടെ മതില്‍ക്കെട്ട് മേല്‍ക്കൂരകള്‍ പൊളിച്ചു നീക്കി. ആറു മാസത്തിനിടയില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചു നീക്കും. മലിനീകരണം നടക്കുന്നുണ്ടോ എന്നറിയാന്‍ ഇടവിട്ട് വായുവിന്റെയും വെള്ളത്തിന്റെയും പരിശോധനയും നടത്തും.
കേസിന്റെ തുടക്കം
റിസോര്‍ട്ട് പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ശേഖരിക്കാന്‍ മത്സ്യതൊഴിലാളികള്‍ക്ക്
പ്രേരണയായത് അവരിലൊരാളോട് റിസോര്‍ട്ട് അധികൃതര്‍ പുലര്‍ത്തിയ വിരട്ടല്‍ നയമാണെന്ന് പറയുന്നു.
റിസോര്‍ട്ടുമായി ബന്ധപ്പെട്ട വസ്തുക്കളില്‍ തട്ടി തങ്ങളുടെ വല കീറിയെന്ന പരാതിയില്‍ രണ്ടുലക്ഷം
നഷ്ടപരിഹാരം തേടി റിസോര്‍ട്ട് അധികൃതരെ സമീപിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല.

മത്സ്യതൊഴിലാളിയുടെ ആത്മാഭിമാനത്തെ ആണ് റിസോര്‍ട്ട് അധികൃതര്‍ ചോദ്യം ചെയ്തെന്ന
ചിന്തയിലാണ് നിയമനടപടികളുടെ ആരംഭം. കേസ് പിന്നീട് മത്സ്യതൊഴിലാളികളുടെ സംഘടന ഏറ്റെടുത്തു.
രണ്ടുലക്ഷത്തില്‍ നിന്ന് 200 കോടിയിലേക്ക്
ആ കേസ് എത്തിനിന്നത് 200 കോടിയിലേറെ മുതല്‍ മുടക്കുള്ള റിസോര്‍ട്ടിന്റെ കടയ്ക്കല്‍. ഒരു പക്ഷേ,
രണ്ടുലക്ഷത്തില്‍ തീരുമായിരുന്ന കേസാണ് 200 കോടിയുടെ പൊളിച്ചടുക്കലില്‍ എത്തിയത്. കാപികോ
റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ ഹൈക്കോടതി 2013ല്‍ ആണ് ഉത്തരവിട്ടത്. ഇതിനെതിരെ റിസോര്‍ട്ട്
അധികൃതര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് രോഹിണ്ടന് നരിമാന് അധ്യക്ഷനായ ബഞ്ച്
തള്ളി. കേസില്‍ കേരള തീരദേശ പരിപാലന അതോറിറ്റിയുടെ കണ്ടെത്തലുകളെ കേന്ദ്ര പരിസ്ഥിതി
മന്ത്രാലയം ഹൈക്കോടതിയില്‍ പിന്തുണച്ചിരുന്നു. വിധിയെ ചോദ്യംചെയ്തു റിസോര്‍ട്ട് അധികൃതര്‍ 2014ല്‍
സുപ്രീംകോടതിയെ സമീപിക്കുകയും ഹര്‍ജി വിശദമായി പരിശോധിക്കും വരെ തത്സ്ഥിതി തുടരണമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബഞ്ച് വിധിക്കുകയും ചെയ്തിരുന്നു.
11.23 ഏക്കര്‍
11.23 ഏക്കര്‍ സ്ഥലത്താണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. അഞ്ചുപേരുടെ കൈവശമുണ്ടായിരുന്ന കുറച്ചു
സ്ഥലം കൂടിയ വില നൽകി വാങ്ങിയെടുത്ത് കൊണ്ടാണ് റിസോര്ട്ടുകാര് ഈ തുരുത്തിലേക്ക് എത്തിയത്.
തുടര്‍ന്ന് ഒരു ഭാഗം നികത്തിയെടുത്തെന്നും പുറമ്പോക്ക് കൈയേറി എന്നുമായിരുന്നു ആരോപണം.
കായലില്‍ നിന്ന് ഒരു മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് റിസോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്.
കാപികോയ്ക്ക് ഒപ്പം വാമിക റിസോര്‍ട്ടും പൊളിക്കാനും ഉത്തരവുണ്ടായിരുന്നു. ഇതില്‍ വാമിക റിസോര്‍ട്ട് മാത്രമാണ് ഇപ്പോൾ പൊളിച്ചു നീക്കിയത്.
