
കൊച്ചി: യുവനടി നല്‍കിയ ലൈംഗികാതിക്രമ കേസിൽ പിടിയിലായ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. എറണാകുളം സബ് ജയിലില്‍ പാർപ്പിച്ചിരിക്കുകയാണ്. തൊടുപുഴ മുട്ടത്ത് നിന്ന് ഇന്നലെ രാത്രി രഞ്ജിത്തിനെ പിടികൂടിയത്. തുടർന്ന് ആരോഗ്യ പ്രശ്നം ചൂണ്ടികാട്ടിയതിനാൽ രാത്രി മുഴുവൻ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ ഏഴ് മണിയോടെ രഞ്ജിത്തിനെ കൊച്ചി മരടിൽ മജിസ്ട്രേറ്റിൻ്റെ വീട്ടിലെത്തിച്ചു. തുടർന്ന് രണ്ടാഴ്ചത്തേക്ക് റിമാൻഡിലായതോടെ പോലീസ് സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.
ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ ഈ മാസം ജനുവരിയിൽ യുവനടിക്ക് നേരെ കാരവനിനുള്ളിൽ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. മാനസികാഘാതത്തിലായ നടി കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചത്. തുടർന്ന് ഡി.സി.പി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷം ആയിരുന്നു ഇന്നലെ രാത്രി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയാണ് ചെയ്തത്.
