പതിനഞ്ച് വയസായ മുസ്‌ലിം പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാം; മാതാപിതാക്കളുടെ എതിർപ്പിന് പ്രസക്തിയില്ലെന്ന് ഹൈക്കോടതി

  • Post category:national / news
  • Reading time:1 min read
You are currently viewing പതിനഞ്ച് വയസായ മുസ്‌ലിം പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാം; മാതാപിതാക്കളുടെ എതിർപ്പിന് പ്രസക്തിയില്ലെന്ന് ഹൈക്കോടതി

പതിനഞ്ച് വയസായ മുസ്‌ലിം പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് കോടതി. മാതാപിതാക്കളുടെ എതിർപ്പിന് ഇതിൽ പ്രസക്തിയൊന്നുമില്ലെന്നും കോടതി പറഞ്ഞു. ഝാർഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജസ്റ്റിസ് സഞ്ജയ് കുമാർ ദ്വിവേദിയാണ് വിധിന്യായത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

പതിനഞ്ചു വയസ്സായ പെൺകുട്ടിയെ വിവാഹം കഴിച്ചയാൾക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. മുസ്‌ലിം വ്യക്തി നിയമം അനുസരിച്ച് പതിനഞ്ചു വയസ്സു പൂർത്തിയായ പെൺകുട്ടിക്കു വിവാഹം കഴിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇവിടെ ഹർജിയിൽ പറയുന്ന പെൺകുട്ടിക്കു പതിനഞ്ചു വയസ്സു തികഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കേസ് നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടി സ്വമനസ്സാലെ തന്നോടൊപ്പം വന്നതാണെന്നും വിവാഹം കഴിഞ്ഞതായും ഭർത്താവ് കോടതിയെ അറിയിച്ചു. പെൺകുട്ടിയും കോടതിയിൽ ഇക്കാര്യം സമ്മതിച്ചു.

വിവാഹത്തോടു വീട്ടുകാരുടെ എതിർപ്പു ഇല്ലാതായതായും പെൺകുട്ടി അറിയിച്ചു. പിന്നീട് പിതാവിൻ്റെ അഭിഭാഷകനും സമാനമായ നിലപാട് കോടതിയിൽ സ്വീകരിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉൾപ്പെടെ വിവിധ ഹൈക്കോടതികൾ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എന്നാൽ വിവാഹിതയായാൽ പോലും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായുള്ള ലൈംഗിക ബന്ധം പോക്‌സോ നിയമത്തിൻ്റെ പരിധിയിൽ വരുമെന്ന് അടുത്തിടെ കേരള ഹൈക്കോടതി വിധിച്ചിരുന്നു. വ്യക്തിനിയമത്തേക്കാൾ മുകളിലാണ് പോക്‌സോയെന്നു കർണാടക ഹൈക്കോടതിയും നിരീക്ഷിച്ചിട്ടുണ്ട്.

0Shares