ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് കർഷകൻ മുങ്ങിയത് ആസൂത്രിതമായി; തിരിച്ചെത്തിയ ശേഷം​ നിയമ നടപടി ആലോചിക്കുമെന്ന് കൃഷിമന്ത്രി

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് കർഷകൻ മുങ്ങിയത് ആസൂത്രിതമായി; തിരിച്ചെത്തിയ ശേഷം​ നിയമ നടപടി ആലോചിക്കുമെന്ന് കൃഷിമന്ത്രി

ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് കർഷകൻ മുങ്ങിയത് ആസൂത്രിതമായെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ബിജു കുര്യൻ ചെയ്തത്. നാളെ തിരിച്ചെത്തിയ ശേഷം നിയമ നടപടി ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കി. നല്ല ഉദ്ദേശ്യത്തോടെയാണ് കർഷക സംഘത്തെ ഇസ്രയേലിലേക്ക് അയച്ചത്.

ഇസ്രയേലിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിട്ടുണ്ട്. സംഘം നാളെ തിരിച്ചെത്തിയ ശേഷം നിയമ നടപടി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനാണ് ഇസ്രയേലിൽ കൃഷി രീതികൾ പഠിക്കാൻ പോയ കേരള സംഘത്തിൽ നിന്ന് മുങ്ങിയത്. താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ബിജു മുങ്ങിയത്.

കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് കുമാറിനൊപ്പം 27 കർഷകരാണ് 12ന് ഇസ്രയേലിൽ എത്തിയത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യൻ വാഹനത്തിൽ കയറിയില്ല. തുടർന്ന് അപ്രത്യക്ഷനാവുകയായിരുന്നു. ബിജുവിനെ കാണാതായതിനെ തുടർന്ന് സംഘം ഇസ്രയേൽ പൊലീസിലും ഇന്ത്യൻ എംബസിയിലും പരാതി നൽകി. തുടർന്ന് കേരളത്തിലേക്ക് മടങ്ങി.

ഇസ്രയേൽ പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെ, ബിജു കുടുംബവുമായി ബന്ധപ്പെട്ടു. താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടതില്ലെന്നും ബിജു കുടുംബത്തെ അറിയിക്കുകയായിരുന്നു. ഇയാൾ വിളിച്ച ഫോൺ നമ്പറിലേക്ക് പിന്നീട് തിരികെ വിളിച്ചപ്പോൾ സ്വിച്ച് ഓഫാണ് എന്ന് സഹോദരൻ പറയുന്നു.

0Shares