
മലയാളത്തിന്‍റെ മെഗാ താരം മമ്മൂട്ടി ഇന്ന് അദ്ദേഹത്തിന്‍റെ എഴുപതാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമക്കകത്തും പുറത്തും നിന്നുമുള്ള നിരവധി പേരാണ് പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. ആയുരാരോഗ്യ സൗഭാഗ്യത്തോടെ ഇനിയും ഏറെ നാൾ അഭിനയം കൊണ്ട് അമ്പരിപ്പിച്ചുക്കൊണ്ടിരിക്കട്ടെ എന്നാണ് ഏവരുടെയും പ്രാർത്ഥനകൾ.

ഇതിനിടെ മമ്മൂട്ടിയെ ഒരുനോക്ക് കാണുവാനും ആശംസകൾ അറിയിക്കുവാനും പെൺകുട്ടികൾ അടക്കമുള്ള നിരവധി ആരാധകരാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോട് കൂടി അദ്ദേഹത്തിന്‍റെ വസതിക്ക് മുൻപിൽ തടിച്ചുകൂടിയത്. കനത്ത മഴയെ പോലും അവഗണിച്ച് കേരളത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്നുമാണ് ആരാധകർ എത്തിയത്. ഈ കോവിഡ് കാലത്തും ഇങ്ങനെ ഒത്തുചേർന്നപ്പോൾ പോലീസ് വന്നാണ് അവരെ പിരിച്ചുവിട്ടത്.
ആദ്യ സിനിമയില്‍ ഒരു കടത്തുകാരനായി കടന്നുവന്ന് മലയാള സിനിമയെ തന്നെ തന്‍റെ തോളിലേറ്റിയുള്ള മമ്മൂക്കയുടെ യാത്രയിൽ മലയാളികൾ ദർശിച്ചത് പൗരുഷത്തിന്‍റെയും ഒരു ഏട്ടന്‍റെ വാത്സല്യത്തിന്‍റെയും കാർക്കശ്യത്തിന്‍റെയും അഭിനയ നിമിഷങ്ങൾ മാത്രമല്ല, മറിച്ച് ചിരിക്കുവാൻ ഇഷ്ടപ്പെടുന്ന, ചിരിപ്പിക്കുന്ന കരുണയും വാത്സല്യവും നിറഞ്ഞ ഒരു നല്ല മനസ്സിന്‍റെ ഉടമയെക്കൂടിയാണ്.
