പഞ്ചായത്ത് പ്രസിഡണ്ടിനെ നേര്‍ച്ചക്ക് ക്ഷണിച്ച വീട്ടുകാര്‍ വെട്ടിലായി; ഒടുവിൽ വന്നു, ഉത്തരവ്

You are currently viewing പഞ്ചായത്ത് പ്രസിഡണ്ടിനെ നേര്‍ച്ചക്ക് ക്ഷണിച്ച വീട്ടുകാര്‍ വെട്ടിലായി; ഒടുവിൽ വന്നു, ഉത്തരവ്

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ നേര്‍ച്ചക്ക് ക്ഷണിച്ച വീട്ടുകാര്‍ക്ക് ഹരിത പ്രോട്ടോക്കോള്‍ ലംഘനത്തിന് പിഴ. ഒളവറയിലാണ് സംഭവം. ഒറ്റത്തവണ ഉപയോഗിച്ച്‌ ഉപേക്ഷിക്കുന്ന പാത്രത്തില്‍ ആഹാരം കൊടുത്തതാണ് പ്രസിഡണ്ട് സത്താര്‍ വടക്കുമ്പാടിനെ ചൊടിപ്പിച്ചത്.

ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയ അദ്ദേഹം വീട്ടുകാരില്‍ നിന്ന് പിഴ ഈടാക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ച ശേഷമാണ് മടങ്ങിയത്. പിന്നാലെ പഞ്ചായത്ത് സെക്രട്ടറി വിട്ടുടമസ്ഥന് പിഴ ചുമത്തിക്കൊണ്ടുള്ള നോട്ടീസ് കൈമാറി.

ജില്ലയില്‍ ഹരിത പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പിലാക്കുന്ന പഞ്ചായത്താണ് തൃക്കരിപ്പൂര്‍. കോടതി ഉത്തരവ് പ്രകാരം ടൗണിലെ പരസ്യബോര്‍ഡുകള്‍ എടുത്ത് മാറ്റി തൃക്കരിപ്പൂര്‍ മാതൃക കാട്ടിയിരുന്നു.

  1. എന്തിനാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍

മണ്ണിനും മനുഷ്യനും മനുഷ്യരാശിക്കും ദുരന്ത സൂചന നല്‍കിക്കൊണ്ട് പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിൻ്റെ അളവും, ഇനവും വര്‍ദ്ധിച്ചു വരുന്നു. ആഗോളവത്കരണവും കമ്പോളീകരണവും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് എത്തിച്ചേരാനുളള വ്യഗ്രതയും നമ്മെ എത്തിച്ചിരിക്കുന്നത് മാലിന്യ കൂനകളിലേക്കും മാറാവ്യാധികളിലേക്കുമാണ്. മാലിന്യ കൂനകള്‍ ഉയരുന്നതും മാറാവ്യാധികള്‍ പടരുന്നതും, ആയത് പരിഹരിക്കാന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പെരുകുന്നതും സ്ഥിരം കാഴ്ചയാണ്. നമ്മുടെ സമ്പത്തിൻ്റെ നല്ലൊരു പങ്കും ഇത്തരത്തില്‍ അറിഞ്ഞോ അറിയാതെയോ നാം ചെലവഴിച്ചു തീര്‍ക്കുകയാണ്. ഫലം ആരോഗ്യനഷ്ടം, ധനനഷ്ടം, വരും തലമുറയുടെ ഭാവി അനിശ്ചിതത്വത്തിലേക്കും എത്തിച്ചേരും. “രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുക” എന്ന ആപ്തവാക്യം ശുചിത്വം മുന്നോട്ട് വയ്ക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോളിലൂടെ മറ്റൊരു വ്യഖ്യാനത്തിലേക്ക് എത്തുകയാണ്. മാലിന്യം ഉത്പാദിപ്പിച്ചിട്ട് അത് സംസ്‌കരിക്കുന്നതിനുളള പോം വഴി അന്വേഷിച്ച് നടക്കാതെ മാലിന്യ ഉത്പാദനം കുറയ്ക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നതാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

  1. എന്താണ് ഗ്രീന്‍ പ്രോട്ടാക്കോള്‍

പൂര്‍ണ്ണമായും ഒഴിവാക്കി, കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ക്ക് പ്രചാരം കൊടുക്കുകയും ശേഷം ഉണ്ടാകുന്ന ജൈവമാലിന്യം അതാത് സ്ഥലങ്ങളില്‍ തന്നെ കമ്പോസ്റ്റിലൂടെ വളമാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ഗ്രീന്‍ പ്രോട്ടോക്കോളിൻ്റെ അടിസ്ഥാന തത്വം. ഇത്തരത്തില്‍ മാലിന്യം രൂപപ്പെടുന്നതിൻ്റെ അളവ് പകുതിയോളം കുറയയ്ക്കുന്നതിനും അജൈവ വസ്തുക്കള്‍ വലിച്ചെറിയുന്നതു മൂലവും, കത്തിക്കുന്നത് മൂലവുമുളള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കുറക്കുന്നതിനും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനത്തിലൂടെ സാധിക്കും. വന്‍ ജനപങ്കാളിത്തമുാകുന്ന ഉത്സവങ്ങളിലും ആഘോഷങ്ങളിലും, മേളകളിലും, വിവാഹങ്ങളിലുമെല്ലാം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നത് വന്‍തോതിലുളള മാലിന്യ ഉത്പാദനത്തിൻ്റെ അളവ് കുറയ്ക്കുന്നതിന് സഹായകരമാണ്.

  1. ഗ്രീന്‍ പ്രോട്ടോക്കോള്‍ തത്വങ്ങള്‍ ചുവടെ കൊടുക്കുന്നു.

• നിത്യജീവിതത്തില്‍ നിന്ന് എല്ലാത്തരം (പ്ലാസ്റ്റിക്, പേപ്പര്‍ ഉള്‍പ്പെടെ) ഡിസ്‌പോസിബിള്‍ സാധനങ്ങളുടെ ഉപയോഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.

• ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ക്ക് പകരം കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പ്രകൃതി സൗഹൃദ വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുക. നിരോധിത പ്‌ളാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുകയും മേല്‍ വിഷയത്തിലുളള സര്‍ക്കാര്‍ ചട്ടങ്ങള്‍ കൃത്യമായത് പാലിക്കുകയും ചെയ്യുക.

• ജൈവ -അജൈവ മാലിന്യങ്ങള്‍ പ്രത്യേകം തരം തിരിക്കുക.

• ജൈവമാലിന്യം കമ്പോസ്റ്റിങ്ങിലൂടെ വളമാക്കുകയോ / ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് അതില്‍ നിക്ഷേപിച്ച് ബയോഗ്യാസ് ആക്കി മാറ്റുകയോ ചെയ്യുക.

• അജൈവ വസ്തുക്കള്‍ പ്രത്യേകം തരംതിരിച്ച് വൃത്തിയാക്കി, ഉണക്കി സൂക്ഷിക്കുന്നതടക്കം ആയത് നിശ്ചിത അളവാകുമ്പോള്‍ പാഴ്വസ്തു വ്യാപാരികള്‍ക്ക് പുന:ചംക്രമണത്തിനായ് കൈമാറുകയും ചെയ്യുക.

• ശേഖരിക്കുന്ന പാഴ് വസ്തു വ്യാപാരികള്‍ക്ക് യഥാസമയം കൈമാറേണ്ടതുമാണ്.

• ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന കവറുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കേതും, തുണിയിലോ, ചണത്തിലോ പേപ്പറിലോ തുടങ്ങി പ്രകൃതിക്കിണങ്ങുന്ന സഞ്ചികള്‍ കൈയ്യില്‍ കരുതുകയും ചെയ്യുക.

• സാധനങ്ങള്‍ പരാമവധി ഒരുമിച്ച് വാങ്ങാന്‍ ശ്രമിക്കേതും കടകളില്‍ പോകുമ്പോള്‍ പ്രത്യേകം പ്രകൃതി സൗഹൃദ സഞ്ചികള്‍ ആവശ്യാനുസരണം കൈയ്യില്‍ കരുതുകയും ചെയ്യുക.

• • അപകടകരമായ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ശീലം ഒഴിവാക്കേണ്ടതും ആയത് പ്രത്യേകം വൃത്തിയാക്കി സൂക്ഷിക്കേണ്ടതും പുന:ചംക്രമണത്തിനായി പാഴ് വസ്തു വ്യാപാരികള്‍ക്ക് നല്‍കേണ്ടതാണ്.

  1. ഗ്രീന്‍ പ്രോട്ടോക്കോളും സര്‍ക്കാരും

2015 ദേശീയ ഗെയിംസ് സംസ്ഥാനത്ത് ആദ്യമായ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടത്തിയ ഇവൻ്റെണ്. നൂറുശതമാനം വിജയകരമായി നടപ്പിലാക്കിയതാണ് ഇവന്റ് തികച്ചും ഡിസ്‌പോസിബിള്‍ രഹിതമായതിനാല്‍ വിദേശികളുടേതുള്‍പ്പെടെ അകമഴിഞ്ഞ പ്രശംസപറ്റുന്നതിന് കാരണമായ്. അന്ന് തൊട്ട് സംസ്ഥാന സര്‍ക്കാര്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതിക്ക് അര്‍ഹമായ പിന്തുണ നല്‍കിവരുന്നു. എന്നാല്‍ 2016 ല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി സര്‍ക്കാര്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാ സര്‍ക്കാര്‍ പരിപാടികള്‍ക്കും നിര്‍ബന്ധമാക്കിയതോടെ പൊതുസമൂഹം അംഗീകരിക്കുന്ന മാലിന്യ പരിപാലന തത്വമായ ഗ്രീന്‍ പ്രോട്ടോക്കോള്‍ രൂപാന്തരപ്പെട്ടു. കൂടാതെ വിദ്യാഭ്യാസ വകുപ്പും പോലീസ് മേധാവിയും പുറത്തിറക്കിയ സര്‍ക്കുലറുകളിലൂടെ കേരളത്തിലെ വിദ്യാലയങ്ങളും പോലീസ് സ്റ്റേഷനുകളും ഗ്രീന്‍ പ്രോട്ടോക്കോളിലേക്ക് ചുവടു വച്ചത് പ്രസ്തുത പദ്ധതിയുടെ പ്രചരണത്തിന് ആക്കം കൂട്ടി. തുടര്‍ന്ന് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെണ്ടുകള്‍ ഒന്നൊന്നായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനത്തിലൂടെ മാലിന്യ പരിപാലനത്തിന് മാതൃകയാകുന്ന കാഴ്‌ചയാണ് ഉണ്ടായത്.

  1. ഗ്രീന്‍ പ്രോട്ടോകോളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും

ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതോടെ അടിസ്ഥാന പരമായി ഏറെ ഗുണം ലഭിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. പഞ്ചായത്തീരാജ് ആക്ട് പ്രകാരം മാലിന്യ സംസ്‌കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയായതിനാല്‍ ഇന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെ. ചുവടെ കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ ജനപങ്കാളിത്തത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നടപ്പിലാക്കാവുന്നതാണ്.

• തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഗ്രീന്‍ പ്രോട്ടോക്കോള്‍ ബാധകമാക്കുക

• തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ എല്ലാ വീടുകള്‍ക്കും ഗ്രീന്‍ പ്രോട്ടോക്കോള്‍ ബാധകമാക്കുകയും മാതൃകാപരമായി ഗ്രീന്‍ പ്രോട്ടാക്കോള്‍ നടപ്പിലാക്കുന്ന കുടുംബങ്ങള്‍ക്ക് അവാർഡ് നല്‍കുകയും ചെയ്യുക.

• കുടുംബശ്രീ ഉള്‍പ്പെടെയുളള സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കൃത്യമായ അജൈവ മാലിന്യ ശേഖരണം നടത്തുക. കുടുംബശ്രീ പ്രവര്‍ത്തകരെ ഗ്രീന്‍ ടെക്‌നീഷ്യന്‍മാരാക്കി കമ്പോസ്റ്റിങ്ങ് / ബയോഗ്യാസ് ഉപാധികളുടെ പരിപാലനം നടത്തുക.

• ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ഗാര്‍ഹിക / സ്ഥാപന / കമ്മ്യൂണിറ്റി തലങ്ങളില്‍ അനുയോജ്യമായ ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ ശുചിത്വ മിഷന്റെ സഹായത്തോടെ സ്ഥാപിക്കുക.

• തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം ജൈവ മാലിന്യ സംസ്കരണ ഉപാധികള്‍ സ്ഥാപിക്കുകയും അജൈവ മാലിന്യ ശേഖരണം നടത്തുകയും ചെയ്യുക.

• ശേഖരിക്കപ്പെടുന്ന അജൈവ മാലിന്യങ്ങള്‍ സംഭരിക്കുന്നതിനും തരം തിരിക്കുന്നതിനും ശുചിത്വ മിഷനുമായി ചേര്‍ന്ന് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (MRF)കള്‍ സ്ഥാപിക്കുക.

• നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടേയും ഡിസ്‌പോസിബിള്‍ വസ്തുക്കളുടേയും വിപണനവും ഉത്പാദനവും കര്‍ശനമായി നിരോധിക്കുക.

• കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ വിവാഹ ആവശ്യങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കും വാടകക്ക് നല്‍കുന്നതിന് വേണ്ടി കുടുംബശ്രീ മുഖാന്തിരം മൈക്രോ എൻ്റെര്‍പ്രൈസസുകള്‍ ആരംഭിക്കുക.

• പൊതു നിരത്തുകളിലും സ്‌കൂള്‍ – കോളേജുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ സന്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, ചുവരെഴുത്തുകള്‍, ബ്രോഷറുകള്‍ തുടങ്ങിയവ സ്ഥാപിക്കുക.

• റസിഡന്‍സ് അസോസിയേഷന്‍ വഴി ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രചരിപ്പിക്കുക.

• ആരാധനാലയങ്ങളുമായി ചേര്‍ന്നുളള വിവാഹമണ്ഡപങ്ങളിലും ഒപ്പം തന്നെ ഉത്സവങ്ങളിലും, ഘോഷയാത്രകളിലും, അന്നദാനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക.

• വാര്‍ഡ്‌ മെമ്പര്‍മാര്‍ / കൗണ്‍സിലര്‍മാര്‍ മുഖേന ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റികള്‍ റസിഡന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ രൂപീകരിക്കുക.

• സ്ഥാപനങ്ങള്‍, വ്യാപാര വ്യവസായ ശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും കൃത്യമായ് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും ജൈവമാലിന്യം സംസ്‌കരിക്കുന്നതിനുമുളള ഉപാധികള്‍ ശുചിത്വ മിഷനുമായ് ചേര്‍ന്ന് സ്വീകരിക്കുക.

• ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുക. ആയതിലൂടെ ‘എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം’ എന്ന സന്ദേശം പ്രചരിപ്പിക്കുക.

0Shares