
തമിഴ്നാട്ടില്‍ ബിഹാര്‍ തൊഴിലാളികള്‍ക്കെതിരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ബി.ജെ.പി പ്രവര്‍ത്തകരെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. വടക്കേ ഇന്ത്യയിലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് മുഖ്യമന്ത്രിയുടെ ആരോപണം.
തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തനിക്കെതിരെ ഇത്തരത്തിലുളള വ്യാജ പ്രചരണം തുടങ്ങിയതെന്നും സ്റ്റാലിന്‍ പറഞ്ഞു.

സ്റ്റാലിന്‍ ദേശീയ തലത്തിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. താന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും അദ്ദേഹം തമിഴ്നാട്ടിലെ ബിഹാറി തൊഴിലാളികളുടെ സുരക്ഷയില്‍ സംതൃപ്തനാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
