മുഖ്യമന്ത്രി യു.എ.ഇയിൽ പോയത് മകനെ കാണാൻ; വിദേശകാര്യ മന്ത്രാലയ അനുമതി ലഭിച്ച വ്യക്തമായ രേഖകൾ പുറത്തുവിട്ടു

  • Post category:Kerala / national / news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രി യു.എ.ഇയിൽ പോയത് മകനെ കാണാൻ; വിദേശകാര്യ മന്ത്രാലയ അനുമതി ലഭിച്ച വ്യക്തമായ രേഖകൾ പുറത്തുവിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ യു.എ.ഇ സന്ദർശനം നടത്തിയത് മകനെ കാണാൻ. വിദേശകാര്യ മന്ത്രാലയം നൽകിയ അനുമതി രേഖകളിലാണ് ഇത് വ്യക്തമായത്. യൂറോപ്യൻ പര്യടനം കഴിഞ്ഞു വന്ന മുഖ്യമന്ത്രി യു.എ.ഇയിൽ തങ്ങിയത് ദുരൂഹമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയ രേഖകൾ പൊതുഭരണ വകുപ്പ് പുറത്തുവിട്ടത്.

മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, ചെറുമകൻ ഇഷാൻ, പേഴ്‌സണൽ അസിസ്റ്റണ്ട് സുനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് അനുമതി തേടുമ്പോൾ ദുബായ് സന്ദർശനം ഉണ്ടായിരുന്നില്ലെന്നും അതിനെ കുറിച്ച് അന്വേഷിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ നോർവെ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ സന്ദർശിക്കുന്നതിനായി ആദ്യം അനുമതി തേടിയിരുന്നു. വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. ഇംഗ്ലണ്ട് സന്ദർശനത്തിനിടെ ആണ് യു.എ.ഇയിൽ ജോലി ചെയ്യുന്ന മകനെ കാണുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതി തേടിയത്. ഇതിനും അനുമതി ലഭിച്ചു. മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദർശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോർജും ബന്ധുവിനെ കാണാനായി യു.എ.ഇ സന്ദർശനത്തിന് അനുമതി തേടിയിരുന്നു. വിദേശകാര്യ മന്ത്രാലം ഇതിനും അനുമതി നൽകി.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത സ്ഥാനം വഹിക്കുന്നവരും സർക്കാർ ഉദ്യോഗസ്ഥരും വിദേശത്തു പോകുമ്പോൾ വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതി വാങ്ങണമെന്നത് നിയമമല്ലെന്നും നിർദേശം മാത്രമാണെന്നും പൊതുഭരണവകുപ്പ് പറയുന്നു. കേരളം ഈ നിർദേശം കൃത്യമായി പാലിക്കാറുണ്ടെന്നും മറ്റു പല സംസ്ഥാനങ്ങളും പാലിക്കാറില്ലെന്നും അവർ പറയുന്നു.

2015-ലാണ് വിദേശകാര്യ മന്ത്രാലയം യാത്രാവിവരം അറിയിക്കണമെന്ന സർക്കുലർ പുറത്തിറക്കിയത്. വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയില്ലെങ്കിൽ സാധാരണ നിലയിൽ മുഖ്യമന്ത്രിമാരും മന്ത്രിമാരും വിദേശയാത്ര നടത്താറില്ല. വിവാദങ്ങൾ ഒഴിവാക്കാനാണിത്. പ്രളയ സമയത്ത് ഫണ്ട് ശേഖരണത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിക്ക് മാത്രമാണ് യാത്രാനുമതി ലഭിച്ചത്. വിദേശ പര്യടനത്തിന് ശേഷം മുഖ്യമന്ത്രി 15ന് പുലർച്ചെ മടങ്ങിയെത്തും.

0Shares