
ഇന്ത്യയില്‍ കോവിഡ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കമ്പനികള്‍ നല്‍കിയ അപേക്ഷകള്‍ വിദഗ്ധ സമിതി അംഗീകരിച്ചില്ല. സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് ആവശ്യത്തിനു രേഖകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സമിതി അപേക്ഷകള്‍ തള്ളിയത്.

കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്, തദ്ദേശീയമായി നിര്‍മിച്ച ആദ്യ വാക്സിന്‍റെ (കോവാക്‌സീന്‍) അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ചത്.
കഴിഞ്ഞയാഴ്ച അമേരിക്കന്‍ കമ്പനിയായ ഫൈസറാണ് ആദ്യമായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് ആദ്യമായി അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ടും അപേക്ഷ നല്‍കി.
