
കാസര്‍കോട്: കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി നിമിഷങ്ങള്‍ക്കകം ഭാര്യ മരിച്ചു. കുമ്പള ആരിക്കാടി മുഹിയുദ്ദീന്‍ മസ്‌ജിദ് റോഡില്‍ അഷ്‌റഫിൻ്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്. ഒരു മാസം മുമ്പ് ആശുപത്രിയില്‍ പ്രസവിച്ച് മാതാവിൻ്റെ വീട്ടിലേക്ക് മടങ്ങിയിരുന്നു സഫാന. മുപ്പത്തിയഞ്ചാം ദിവസമായ ചൊവ്വാഴ്‌ച കുഞ്ഞിൻ്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങുകള്‍ക്കായി ആരിക്കാടിയിലെ ഭര്‍തൃവീട്ടില്‍ എത്തിയതായിരുന്നു.

ദുബൈയിലായിരുന്ന അഷ്റഫും ഉച്ചയോടെ വീട്ടിലെത്തി കുഞ്ഞിനെയും മാതാവിനെയും കണ്ട് സന്തോഷം പങ്കിടുന്നതിനിടയിൽ സഫാന നിമിഷങ്ങള്‍ക്കകം കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കുമ്പള ജില്ല സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. സഫാനയുടെ ആകസ്‌മിക മരണം ബന്ധുക്കളെയും നാടിനെയും ദുഃഖത്തിലാഴ്ത്തി.
