
വഡോദര: കെ റെയില്‍വേ ജോലിക്കായുള്ള മത്സര പരീക്ഷയില്‍ ജയിക്കാനായി കൈവിരലിലെ തൊലി നീക്കം ചെയ്ത് സുഹൃത്തിൻ്റെ വിരലില്‍ പതിപ്പിച്ച് തട്ടിപ്പിന് ശ്രമിച്ച യുവാവിൻ്റെ പദ്ധതി പാളി. ബയോമെട്രിക് പരിശോധനയില്‍ പിടിക്കപ്പെടാതാരിക്കാനാണ് യുവാവ് സ്വന്തം കൈവിരലിലെ തൊലി അടര്‍ത്തിയെടുത്ത് സുഹൃത്തിൻ്റെ വിരലില്‍ വെച്ചുപിടിപ്പിച്ചത്. മിടുക്കനായ കൂട്ടുകാരനെക്കൊണ്ട് പരീക്ഷയെഴുതിച്ച് ജോലി നേടാമെന്നായിരുന്നു യുവാവിൻ്റെ പദ്ധതി. എന്നാല്‍, അധികൃതരുടെ പരിശോധനയില്‍ ഇരുവരും കുടുങ്ങി. മനീഷ് കുമാര്‍, രാജ്യഗുരു ഗുപ്ത എന്നിവരാണ് പരിശോധനയില്‍ പിടിയിലായത്.
മനീഷാണ് വിരലിലെ തൊലി നീക്കി കൂട്ടുകാരൻ്റെ വിരലില്‍ പിടിപ്പിച്ചത്. തനിക്ക് പകരം മിടുക്കനായ രാജ്യഗുരു പരീക്ഷയെഴുതിയാല്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷയാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാള്‍ പറഞ്ഞു. ഗുജറാത്തിലെ ലക്ഷ്മിപുരയില്‍ നടന്ന റെയില്‍വേ ഗ്രൂപ്പ് ഡി- പരീക്ഷയിലാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്.

ബയോമെട്രിക് പരിശോധനയില്‍ വിരലടയാളം ശരിയാകാത്തതിനാല്‍ രാജ്യഗുരുവിനെ അധികൃതര്‍ തടഞ്ഞു. രാജ്യഗുരുവിൻ്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ വിരല്‍ പരിശോധിച്ചപ്പോള്‍ തൊലി അടര്‍ന്നാ താഴെവീണു. ഇതുകണ്ട അധികൃതരും ഞെട്ടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ രാജ്യഗുരു സംഭവം വിവരിച്ചു. സുഹൃത്തിൻ്റെ നിര്‍ബന്ധ പ്രകാരമാണ് തട്ടിപ്പ് ചെയ്തതെന്നും ചൂടാക്കിയ പാത്രത്തില്‍ വിരല്‍വച്ചു പൊള്ളിച്ചാണ് മനീഷ് കൈവിരലിലെ തൊലി വേര്‍പെടുത്തി അടര്‍ത്തിയെടുത്ത് തൻ്റെ വിരലില്‍ പിടിപ്പിച്ചതെന്ന് ഇയാള്‍ പറഞ്ഞു.
ബയോമെട്രിക് പരിശോധനയില്‍ പിടിക്കപ്പെടില്ലെന്നും തനിക്ക് പകരക്കാരനായി പഠനത്തില്‍ തന്നേക്കാള്‍ മികവുപുലര്‍ത്തുന്ന സുഹൃത്ത് രാജ്യഗുരു ഗുപ്ത പരീക്ഷ എഴുതിയാല്‍ ജോലി ഉറപ്പാണെന്നും ഇയാള്‍ ധരിച്ചാണ് മനീഷ് കുമാര്‍ സാഹസത്തിന് മുതിര്‍ന്നത്.
