
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടികളെ വിമര്‍ശിച്ച് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി. ഗവര്‍ണര്‍, ചാന്‍സലര്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിൻ്റെ പ്രവര്‍ത്തന രീതിക്കെതിരേയാണ് ഭരണഘടനയും സുപ്രീംകോടതി വിധികളും ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനം. നിയമസഭ പാസാക്കുന്ന ബില്‍ താന്‍ ഒപ്പിട്ടാലേ നിയമമാകുകയുള്ളുവെന്ന ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രസ്‌താവന ജനാധിപത്യ വിരുദ്ധമാണ്. സര്‍വകലാശാലകളുടെ അക്കാദമിക കാര്യങ്ങളില്‍ ഇടപെടാനുള്ള അധികാരം ചാന്‍സലറാണെങ്കില്‍പ്പോലും ഗവര്‍ണര്‍ക്കില്ലെന്നും ഒരു പത്രത്തിലെഴുതിയ ലേഖനത്തില്‍ പി.ഡി.ടി ആചാരി ചുണ്ടിക്കാട്ടുന്നു.
ഗവര്‍ണര്‍ ഒപ്പിട്ടാലേ ബില്ലുകള്‍ നിയമമാകൂവെന്നത് വസ്‌തുതയാണ്. ഭരണഘടനയുടെ 200-ാം അനുച്‌ഛേദമനുസരിച്ച് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്കയച്ചാല്‍ അദ്ദേഹത്തിന് ഒന്നുകില്‍ അതില്‍ സമ്മതം രേഖപ്പെടുത്തി തിരിച്ചയയ്‌ക്കാം. അല്ലെങ്കില്‍ സമ്മതം നിരസിക്കാം. അതുമല്ലെങ്കില്‍ പുനഃപരിശോധനയ്‌ക്കായി നിയമസഭയിലേക്ക് തിരിച്ചയക്കാം. വേണമെങ്കില്‍ പ്രസിഡന്റിൻ്റെ പരിഗണനയ്‌ക്കും വിടാം.

പുനഃപരിശോധനക്ക് അയച്ച ബില്‍ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ ബാധ്യസ്‌ഥനാണ്. ഇതൊന്നും ചെയ്യാതെ, ബില്ലില്‍ ഒരു തീരുമാനവുമെടുക്കാതെ എത്രസമയം വേണമെങ്കിലും നീട്ടാന്‍ ഗവര്‍ണര്‍ക്ക് കഴിയുമെന്ന് ചില ഭരണഘടനാ വിദഗ്‌ധര്‍ പറയാറുണ്ട്. പോസ്‌റ്റല്‍ ബില്ലിൻ്റെ കാര്യത്തില്‍ മുന്‍ രാഷ്‌ട്രപതി ഗ്യാനി സെയില്‍സിങ് അതു ചെയ്‌തിട്ടുമുണ്ട്. എന്നാല്‍ അങ്ങനെയൊരു നടപടി ഭരണഘടന അനുവദിക്കുന്നില്ല. നിയമസഭ പാസാക്കുന്ന ബില്ലില്‍ ഒരു തീരുമാനവുമെടുക്കാതെ പോകുന്നത് ജനങ്ങളുടെ താല്‍പര്യം ഹനിക്കുന്ന നടപടിയാണ്. അതുകൊണ്ട് ഭരണഘടനയിലെ 200-ാം അനുച്‌ഛേദത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് ഗവര്‍ണര്‍ ചെയ്‌തേ മതിയാകൂ.
സര്‍വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാരിൻ്റെ ഉപദേശം കൂടാതെ ചാന്‍സലറായ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. പക്ഷേ, സര്‍വകലാശാലയുടെ ധൈഷണികവും ഭരണപരവുമായ ഉത്തരവാദിത്വവും ചുമതലയും വൈസ് ചാന്‍സലറിലാണ് നിക്ഷിപ്‌തമായിരിക്കുന്നത്. ചാന്‍സലര്‍ സര്‍വകലാശാലയുടെ ഭരണത്തിലോ അക്കാദമിക് കാര്യങ്ങളിലോ സാധാരണ ഇടപെടാറില്ല. അധ്യാപകരുടെയോ മറ്റു ജീവനക്കാരുടെയോ നിയമനങ്ങളില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ കൈകാര്യം ചെയ്യേണ്ട ചുമതല ചാന്‍സലറുടേതല്ല.
നിശ്‌ചയിക്കപ്പെടുന്ന അധ്യാപകനും ഒഴിവാക്കപ്പെടുന്ന അധ്യാപകനും നിയമപരമായ അവകാശങ്ങളുണ്ട്. അതിലുണ്ടാകുന്ന തര്‍ക്കം തീര്‍ക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ല. ചാന്‍സലര്‍ അര്‍ദ്ധ ജുഡീഷ്യലോ ജുഡീഷ്യലോ ആയ അധികാരസ്‌ഥാപനമല്ല. കോവാറന്റോ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം ഹൈക്കോടതിക്കാണ്. അതുകൊണ്ട് നിയമപരമായ അവകാശങ്ങളടങ്ങുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ചാന്‍സലര്‍ അല്ല.
നയപരമായ കാര്യങ്ങളിലെ തീരുമാനങ്ങള്‍ സര്‍വകലാശാലാ നിയമങ്ങള്‍ക്കും നിയമാവലികള്‍ക്കും എതിരായാല്‍ ചാന്‍സലര്‍ക്ക് അവ റദ്ദുചെയ്യാമെന്നാണ് കണ്ണൂര്‍ സര്‍വകലാശാലാ നിയമത്തില്‍ പറയുന്നത്. അത് അധ്യാപക നിയമനം മുതലായ കാര്യങ്ങളിലല്ല. അവയില്‍ നിയമപരമായ അവകാശങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അതു കോടതിയാണ് തീരുമാനിക്കേണ്ടത്. അങ്ങനെ സ്വന്തമായി അധികാരം വിനിയോഗിക്കാന്‍ കഴിയാത്ത, മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചുമാത്രം പ്രവര്‍ത്തിക്കാന്‍ ഭരണഘടന വിധിച്ചിട്ടുള്ള ഭരണഘടനാ തലവനാണ് ഗവര്‍ണര്‍.

ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍ ഭരണഘടനാ തലവനാണ്. എന്നുവച്ചാല്‍ അദ്ദേഹം ഭരണാധികാരിയല്ല. അദ്ദേഹത്തിന് ഭരണ നിര്‍വഹണ അധികാരമില്ല. അതുകൊണ്ട് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയാണ് ഗവര്‍ണര്‍ക്കുള്ളത്. എന്നാല്‍ സര്‍ക്കാരിൻ്റെ തീരുമാനങ്ങളുമായി വിയോജിക്കുകയും അവ പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാം.
പക്ഷേ, പുനഃപരിശോധനക്ക് ശേഷം സര്‍ക്കാര്‍ അതേ തീരുമാനം വീണ്ടും അയച്ചാല്‍ ഗവര്‍ണര്‍ക്ക് ഒപ്പിടാനേ പറ്റുകയുള്ളൂ. ഇന്ത്യയില്‍ നിലനില്‍ക്കുന്ന കാബിനറ്റ് സമ്പ്രദായത്തില്‍ സര്‍ക്കാരിനാണ് തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം. സുപ്രീംകോടതി വിവിധ വിധികളില്‍ ഇത് വ്യക്‌തമാക്കിയിട്ടുണ്ട്.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ രമ്യമായ ബന്ധമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസം മാധ്യമങ്ങളുടെ മുന്നില്‍ ദിവസവും ആവര്‍ത്തിക്കുന്നത് അസാധാരണ നടപടിയാണ്. അതൊന്നും ചെയ്യാതെ ഭരണഘടന നിര്‍വചിച്ചിരിക്കുന്ന പരിധിക്കുള്ളില്‍ നിന്ന് ഗവര്‍ണര്‍ക്ക് സര്‍ക്കാരിൻ്റെമേല്‍ ഫലപ്രദമായ സ്വാധീനം ചെലുത്താന്‍ കഴിയും. അതുമാത്രമാണ് ശരിയുടെ മാര്‍ഗമെന്നും പി.ഡി.ടി ആചാരി ലേഖനത്തില്‍ വ്യക്‌തമാക്കുന്നു.

അതിനിടെ ഗവര്‍ണറുടെ വാക്കും പ്രവൃത്തിയും അധ:പതനത്തിൻ്റെ അങ്ങേ തലയ്ക്കല്‍ എത്തിയെന്ന് ദേശാഭിമാനി മുഖപത്രത്തില്‍ വിമര്‍ശനം ഉന്നയിച്ചു. ‘പദവിയുടെ അന്തസ് കളഞ്ഞു ഗവര്‍ണര്‍’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗമുള്ളത്. ഉന്നത ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്‌മകള്‍ ആവര്‍ത്തിച്ച് ചെയ്യുന്നു. കണ്ണൂര്‍ വി.സി അക്രമത്തിന് കൂട്ടുനിന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ചാന്‍സലര്‍ രാഷ്ട്രീയ ചട്ടുകമായത് ഉന്നത വിദ്യാഭ്യാസത്തിന് തീരാകളങ്കമാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തിയിരുന്നു. ഗവര്‍ണര്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ഏജൻ്റെന്നും ദേശാഭിമാനി മുഖപ്രസംഗത്തില്‍ പറയുന്നു. നിയമസഭയില്‍ ലോകായുക്ത ഭേദഗതി ബില്ലും സര്‍വകലാശാല ഭേദഗതി ബില്ലുമൊക്കെയുള്ള സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനങ്ങളുമായി ചൊവ്വാഴ്‌ചത്തെ ദിനപത്രത്തിൽ ദേശാഭിമാനി രംഗത്തു വന്നത്.
