
മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് യുവാവ് അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാം ജില്ലയിലാണ് സംഭവം. ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
24 കാരനായ യുവാവ് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും യുവതിയുടെ ഭാവി ഭര്‍തൃവീട്ടുകാര്‍ക്കും അയച്ചു കൊടുത്തു. ഇതേ തുടര്‍ന്ന് യുവതിയുടെ വിവാഹം മുടങ്ങി. പ്രതി തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതായി യുവതി അവകാശപ്പെടുകയും ജാര്‍ഗ്രാം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. പോലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. തൻ്റെ മുന്‍ കാമുകന്‍ ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും തങ്ങളുടെ സ്വകാര്യ ഫോട്ടോകളും, വീഡിയോകളും കാള്‍ റെക്കോര്‍ഡുകളും സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെച്ചുവെന്ന് ശനിയാഴ്ചയാണ് യുവതി പരാതി നല്‍കിയത്.

തുടര്‍ന്ന് സെക്ഷന്‍ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 509(സ്ത്രീത്വത്തെ അപമാനിക്കല്‍) 66 സി, 66 ഇ (സമ്മതമില്ലാതെ ഒരു വ്യക്തിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നിവ പ്രകാരം യുവാവിനെതിരെ കേസെടുത്തു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷുമായി ബന്ധമുള്ളയാളാണ് പ്രതി.
‘എനിക്ക് അറിയാവുന്നിടത്തോളം, ഇരുവരും കോളേജില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കളായിരുന്നു. കോളേജിലെ അവരുടെ ബന്ധത്തെ കുറിച്ചും പിന്നീട് എങ്ങനെയായിരുന്നു എന്നതിനെ കുറിച്ചും കൂടുതല്‍ ഒന്നും അറിയിയില്ല. യുവതിയിടെ നീക്കത്തിന് പിന്നിലെ സാഹചര്യം എനിക്കറിയില്ല. നിയമം അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകും’ അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ രാഷ്ട്രീയ പകപോക്കലാണോ എന്ന ചോദ്യത്തിന്, അതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലെന്ന് ഘോഷ് പറഞ്ഞു.
