
സുപ്രീം കോടതിയയുടെ ഉത്തരവുപ്രകാരം ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ എസ്ബിഐ കൈമാറി. പെൻഡ്രൈവില്‍ പാസ്‌വേഡ് പരിരക്ഷയുള്ള രണ്ട് പി.ഡി.എഫ് ഫയലുകളില്‍ ആണ് ഇലക്ടറല്‍ ബോണ്ട് ഡാറ്റ ഹാജരാക്കിയിരിക്കുന്നത്. കൂടാതെ ഒരു പ്രത്യേക കവറില്‍ ഈ പി.ഡി.എഫ് ഫയലുകള്‍ തുറക്കുന്നതിനുള്ള പാസ്‌വേഡുകള്‍ അടങ്ങിയിട്ടുണ്ടെന്നും എസ്ബിഐയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് (സി.ഇ.സി) നല്‍കിയ കത്തില്‍ പറയുന്നു.
ആദ്യ പി.ഡി.എഫ് ഫയലില്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങളും രണ്ടാമത്തേതില്‍ ഈ ബോണ്ടുകള്‍ പണമാക്കി മാറ്റിയ രാഷ്ട്രീയ പാർട്ടികളുടെ പേരുകളും ആണ് ഉള്‍പ്പെടുന്നത്. എസ്ബിഐ ചെയർമാൻ ദിനേശ് ഖാര ഇത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലവും കൈമാറി.
അതേസമയം, ഈ കാലയളവില്‍ 15 ദിവസത്തെ സാധുത കാലയളവിനുള്ളില്‍ രാഷ്ട്രീയ പാർട്ടികള്‍ എൻക്യാഷ് ചെയ്യാത്ത ഇലക്ടറല്‍ ബോണ്ടുകളുടെ തുക പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായും എസ്ബിഐ വ്യക്തമാക്കി. 2019 ഏപ്രില്‍ 12 മുതല്‍ ഇതുവരെ വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും ഫയലുകളില്‍ ഉണ്ട്.

ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ തീയതി, ബോണ്ട് വാങ്ങിയയാളുടെ പേര്, വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളുടെ മൂല്യം എന്നീ വിവരങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. 2019 ഏപ്രില്‍ 12 മുതല്‍ സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടികളുടെ വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 2019 ഏപ്രില്‍ 12 മുതല്‍ 2024 ഫെബ്രുവരി 15 വരെയുള്ള കാലയളവില്‍ മൊത്തം 22,217 ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്.
കൂടാതെ 2019 ഏപ്രില്‍ ഒന്നിനും 11നുമിടയില്‍ 3346 ബോണ്ടുകള്‍ വാങ്ങിയതായും എസ്ബിഐ പറഞ്ഞു. അതില്‍ അതില്‍ 1609 എണ്ണം രാഷ്ട്രീയ പാർട്ടികള്‍ പണമാക്കിയതായും ചൂണ്ടിക്കാട്ടി. 2019 ഏപ്രില്‍ 12നും 2024 ഏപ്രില്‍ 15നുമിടയില്‍ 18,871 ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. അതില്‍ 20,421 ബോണ്ടുകള്‍ രാഷ്ട്രീയ പാർട്ടികള്‍ പണമാക്കി മാറ്റി.
ഇലക്‌ട്രല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ കൈമാറാൻ ജൂണ്‍ 30 വരെ സമയം നീട്ടി നല്‍കണമെന്ന എസ്ബിഐയുടെ അപേക്ഷ മാർച്ച് 11ന് സുപ്രീം കോടതി തള്ളിയതോടെയാണ് ഒരു ദിവസത്തിനുള്ളില്‍ എല്ലാ വിവരങ്ങളും എസ്ബിഐ കൈമാറിയത്. മാർച്ച് 12ന് പ്രവൃത്തി സമയം അവസാനിക്കുന്നതിനകം വിശദാംശങ്ങള്‍ വെളിപ്പെടുത്താൻ ആയിരുന്നു എസ്ബിഐയോട് സുപ്രീംകോടതി നിർദേശിച്ചത്.
അതോടൊപ്പം കോടതിയുടെ നിർദേശങ്ങള്‍ ബോധപൂർവം അവഗണിച്ചതിന് നടപടിയെടുക്കുമെന്നും എസ്ബിഐക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാർച്ച് 11ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ആണ് കോടതിവിധി അനുസരിച്ച് ബോണ്ടിൻ്റെ എല്ലാ രേഖകളും വെളിപ്പെടുത്താൻ ആവശ്യപ്പെട്ടത്.
മാർച്ച് 15ന് വൈകുന്നേരം അഞ്ചുമണിക്കകം എസ്ബിഐ പങ്കിടുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീം കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് പാലിക്കാത്ത പക്ഷം എസ്ബിഐക്ക് നേരെ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. ഫെബ്രുവരിയില്‍ ആണ് രാഷ്ട്രീയ ധനസഹായത്തിന് ആയുള്ള ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി സുപ്രധാന വിധി പ്രഖ്യാപിച്ചത്.
