
കേരളം ഇത്തവണ യു.ഡി.എഫ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ ഇടതുപക്ഷം പണം കൊടുത്ത് ഉണ്ടാക്കിയതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബി.ജെ.പിയെ എതിര്‍ക്കാന്‍ സി.പി.എമ്മിനാകില്ല. അഞ്ച് കൊല്ലത്തെ അഴിമതിക്കും ദുര്‍ഭരണത്തിനും പിണറായി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ വനിതകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാന്‍ കോണ്‍ഗ്രസിനായില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യുവാക്കളെ പരിഗണിച്ചപ്പോള്‍ വനിതകളുടെ കാര്യത്തില്‍ പാളിപ്പോയിയെന്നും രാഹുല്‍ സ്വയം വിമര്‍ശനം നടത്തി. അതേസമയം യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം നടപ്പാക്കില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ദേശീയതലത്തില്‍ വളരെ നിര്‍ണായകമാണ്. രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കുന്നതില്‍ ഈ തിരഞ്ഞെടുപ്പിന് നല്ല റോളുണ്ട്. ജനങ്ങളെ വിഭജിക്കുന്ന നിയമം നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയാറല്ല -രാഹുല്‍ വ്യക്തമാക്കി.

രാജ്യത്ത് ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനേ കഴിയൂ. സി.പി.എം മുക്ത ഭാരതമെന്ന് നരേന്ദ്രമോദി പറയാറില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ വനിതകള്‍ക്ക് നല്‍കിയ പ്രാതിനിധ്യം തൃപ്തികകരമല്ല. അതേസമയം, യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം ഉള്ളതില്‍ സന്തോഷമുണ്ട്. വനിതാ പ്രാതിനിധ്യം അര്‍ഹമായ രീതിയിലേക്കെത്തും. നൂതനമായ കാര്യങ്ങള്‍ ചെയ്യാന്‍ പുതുതലമുറക്ക് കൂടുതല്‍ ഇടം നല്‍കണം. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഭംഗിയായി ഇക്കാര്യം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
