
കാസർകോട്: മഞ്ചേശ്വരത്ത് 86 കാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ആത്മഹത്യ എന്ന സ്ഥിരീകരണത്തിൽ പോലീസ്. കൈവശം ഉണ്ടായിരുന്ന പഴയ പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവെച്ചു എന്നാണ് പോലീസ് പറയുന്നത്. ഭാര്യ അടുക്കളയിൽ ഉള്ളപ്പോഴായിരുന്നു സംഭവം. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ മിയാപദവ്, മദങ്കല്ല് സുബ്ബണ്ണ ഭട്ട് ( 86) ആണ് ജീവനൊടുക്കിയത്. തിരുവോണനാളിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ഭാര്യക്കും സുബ്ബണ്ണ ഭട്ടിനും വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് മഞ്ചേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്. സുബ്ബണ്ണ ഭട്ടും ഭാര്യ രാജമ്മാളുമാണ് വീട്ടിൽ താമസം. ഇവർക്ക് മക്കളില്ല. മക്കളില്ലാത്ത മനോവിഷമം ഇവർക്കുള്ളതായി സമീപ വാസികൾ പറയുന്നു. എന്നാൽ ഇതുവരെ ദുഃഖം ഉള്ളിലൊതുക്കി ഇദ്ദേഹം ജീവിച്ചു. ഈ അടുത്തിടെ ഭാര്യക്കും അസുഖം കാരണം ചികിത്സ തേടേണ്ടി വന്നു. ഇതിന് ശേഷം ഇദ്ദേഹം അസ്വസ്ഥാനായിരുന്നു. പ്രായം കൂടുംതോറും തുണയില്ലാത്ത അവസ്ഥയിൽ ജീവിതം ഒരു ഭാരമാകും എന്നതാകാം ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. സ്വന്തമായി ഏകദേശം 6 ഏക്കറോളം കൃഷിഭൂമിയുള്ള വ്യക്തികൂടിയാണ് ഇദ്ദേഹം. മരണത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നതായി മഞ്ചേശ്വരം പോലീസ് അറിയിച്ചു.
