
മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്തത്തില്‍ നടന്ന വിമത നീക്കം പൂര്‍ണ്ണ വിജയം നേടി. ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. 164 എം.എല്‍.എമാരാണ് ഷിന്‍ഡെയെ പിന്തുണച്ചത്. മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതേസമയം, പ്രതിപക്ഷത്ത് 99 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. വിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിനിടെ നാല് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ല.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളുമായ അശോക് ചവാന്‍, വിജയ് വഡേത്തിവാര്‍, എന്‍.സി.പിയുടെ അന്ന ബന്‍സോഡെ, സംഗ്രാം ജഗ് താപ് എന്നിവര്‍ വൈകി സഭയില്‍ എത്തിയതിനാല്‍ പ്രവേശനം അനുവദിച്ചില്ല.

നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ വിജയത്തിന് ശേഷം, പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്ത അംഗങ്ങളോട് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നന്ദി അറിയിച്ചു.
മഹാരാഷ്ട്ര അസംബ്ലിയുടെ സ്പീക്കറായി രാഹുല്‍ നര്‍വേക്കറിനെ തിരഞ്ഞെടുത്ത് ഒരു ദിവസത്തിന് ശേഷമാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. മഹാരാഷ്ട്രയില്‍ രണ്ടാഴ്‌ച നീണ്ട രാഷ്ട്രീയ സംഘര്‍ഷത്തിന് ശേഷമാണ് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്.
ഷിന്‍ഡെ സര്‍ക്കാര്‍ 166 വോട്ടുകള്‍ക്ക് ഭൂരിപക്ഷം തെളിയിക്കുമെന്ന് ശനിയാഴ്‌ച ഉപ മുഖ്യമന്ത്രി ഫഡ്‌നാവിസ് അവകാശപ്പെട്ടിരുന്നു. നിലവില്‍, 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ ബി.ജെ.പിക്ക് 106 എം.എല്‍.എമാരാണ് ഉള്ളത്. ഷിന്‍ഡെ 39 വിമത ശിവസേന എം.എല്‍.എമാരെയും ചില സ്വതന്ത്രരെയും ഒപ്പം ചേര്‍ത്തിട്ടുണ്ട്. അടുത്തിടെ ഒരു ശിവസേന എം.എല്‍.എയുടെ മരണത്തെ തുടര്‍ന്ന്, നിയമസഭയിലെ നിലവിലെ അംഗബലം 287 ആയി കുറഞ്ഞു. ആ സാഹചര്യത്തില്‍ ഭൂരിപക്ഷം 144 ആണ്.

ഇതിനിടെ പാര്‍ട്ടിക്ക് പുതിയ വിപ്പിനെ അംഗീകരിച്ച നിയമസഭാ സ്പീക്കറുടെ തീരുമാനത്തിനെതിരെ ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം തിങ്കളാഴ്‌ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മഹാ വികാസ് ആഘാഡി സര്‍ക്കാര്‍ പ്രതിസന്ധിയിൽ ആകുന്നതിന് മുമ്പ് സര്‍ക്കാരിന് 169 അംഗങ്ങളുടെ പിന്‍ബലം ഉണ്ടായിരുന്നു. ശിവസേന (55), എന്‍.സി.പി (53), കോണ്‍ഗ്രസ് (44), കൂടാതെ, ചെറുപാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഭരണ സഖ്യത്തിന് ആകെ 169 നിയമ സഭാംഗങ്ങളുണ്ടായിരുന്നു.
