
ന്യൂഡൽഹി: നാഷണൽ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറകടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജാരായി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. കോൺഗ്രസ് എം.പിമാർ കാൽനടയായി സോണിയയെ അനുഗമിച്ചെങ്കിലും സോണിയയുടെ കാർ മാത്രമാണ് പൊലീസ് കടത്തിവിട്ടത്.
അതേസമയം കോൺഗ്രസ് എം.പിമാരും പ്രവർത്തകരും നിരത്തിലിറങ്ങി പ്രതിഷേധിച്ചു. ഇ.ഡി വേട്ടയാടുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. എ.ഐ.സി.സി ആസ്ഥാനത്ത് പ്രതിഷേധിച്ച എം.പിമാരെയും അറസ്റ്റ് ചെയ്തു.

സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ നിർത്തിവച്ചു. കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
ജൂൺ 8ന് ഹാജരാകാൻ ഗാന്ധിക്ക് ആദ്യം നോട്ടീസ് അയച്ചെങ്കിലും അവർക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ഹാജരായിരുന്നില്ല. കോവിഡുമായി ബന്ധപ്പെട്ട സങ്കീർണതകളെ തുടർന്ന് ജൂൺ 12നാണ് കോൺഗ്രസ് അധ്യക്ഷയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ 20ന് സോണിയയെ ഡിസ് ചാർജ് ചെയ്തു. ഇതേ കേസിൽ മകനും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയെ അഞ്ച് ദിവസത്തിനിടെ 54 മണിക്കൂർ ഇ.ഡി ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.
2016 മുതൽ നാഷണൽ ഹെറാൾഡ് കേസ് അന്വേഷിച്ചിരുന്ന ആദായനികുതി വകുപ്പ് നാഷണൽ ഹെറാൾഡ് പത്രത്തിൻ്റെ ഉടമസ്ഥതയിലുള്ള കോൺഗ്രസ് പ്രമോട്ട് ചെയ്ത യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിൽ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. സോണിയാ ഗാന്ധിയും മകനും യംഗ് ഇന്ത്യൻ കമ്പനിയുടെ പ്രൊമോട്ടർമാരിലും ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയിരുന്നു. ഇവർക്ക് കമ്പനിയിൽ 38 ശതമാനം ഓഹരിയുണ്ട്.

2013-ൽ സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഒരു സ്വകാര്യ ക്രിമിനൽ പരാതിയുടെ അടിസ്ഥാനത്തിൽ യംഗ് ഇന്ത്യയ്‌ക്കെതിരായ ആദായനികുതി വകുപ്പിൻ്റെ അന്വേഷണം ഡൽഹി വിചാരണ കോടതി പരിഗണിച്ചതിന് ശേഷം പൊതുതാൽപര്യ ഹർജിയിൽ ക്രിമിനൽ വകുപ്പുകൾ പ്രകാരം ഇ.ഡി പുതിയ കേസ് രജിസ്റ്റർ ചെയ്യുകയും സോണിയയ്ക്കും രാഹലിനുമെതിരെ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
2021 ഫെബ്രുവരിയിൽ, സ്വാമിയുടെ അപേക്ഷയോടുള്ള പ്രതികരണത്തിനായി ഡൽഹി ഹൈക്കോടതി സോണിയയ്ക്കും രാഹുലിനും നോട്ടീസ് അയച്ചു. വിചാരണ കോടതിക്ക് മുമ്പാകെയുള്ള വിഷയത്തിൽ തെളിവ് നൽകാൻ ആവശ്യപ്പെട്ടു. ഈ കേസിൽ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയെയും പവൻ ബൻസാലിനെയും ഏപ്രിലിൽ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
