
കാസർകോട്: കാസർകോട് നഗരസഭയിലെ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇനി ഇ-ഓട്ടോയും ഡിജിറ്റൽ സ്പ്രിംഗ് ബാലൻസും. ഡിജിറ്റൽ സ്പ്രിംഗ് ബാലൻസ് നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും ഇ-ഓട്ടോകൾ ഐ.സി.ഐ.സി.ഐ. ബാങ്കിൻ്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചുമാണ് നൽകുന്നത്.
ഇ-ഓട്ടോയുടെ വരവോടെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള അജൈവ മാലിന്യ നീക്കം വേഗത്തിലാകുന്നതോടൊപ്പം ഡിജിറ്റൽ സ്പ്രിംഗ് ബാലൻസ് വഴി മാലിന്യങ്ങളുടെ അളവ് കൃത്യമായി രേഖപ്പെടുത്തി ശേഖരിക്കാനും സാധിക്കും.
ഇ-ഓട്ടോയും ഡിജിറ്റൽ സ്പ്രിംഗ് ബാലൻസും അജൈവ മാലിന്യം ശേഖരിക്കുന്നതിനുള്ള അനുബന്ധന സാമഗ്രികളും മാർച്ച് 20ന് നഗരസഭാ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഹരിത കർമ്മ സേനക്ക് കൈമാറും. ചടങ്ങിൽ വെച്ച് ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കും.

നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിക്കും. ഹരിത കേരള മിഷൻ കോ-ഓർഡിനേറ്റർ ദേവരാജൻ പി.വി ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകും. വികസന സ്ഥിരം സമിതി ചെയർമാൻമാരായ ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, റീത്ത ആർ, രജനി കെ, കൗൺസിലർമാരായ സവിത, ലളിത എം., രഞ്ജിത ഡി, നഗരസഭാ സെക്രട്ടറി സുരേഷ് കുമാർ, ഐ.സി.ഐ.സി.ഐ. ബാങ്ക് ലിമിറ്റഡ് സോണൽ മാനേജർ ബൈജു കാനംകണ്ടി, റീജിയണൽ ഹെഡ് അജയ് സി.പി, ബ്രാഞ്ച് മാനേജർ ഹരീന്ദ്രൻ മേലത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ അബ്ബാസ് ബീഗം സ്വാഗതവും ഹെൽത്ത് സൂപ്പർ വൈസർ രഞ്ജിത് കുമാർ എ.പി. നന്ദിയും പറയും. 3 ഇ-ഓട്ടോകളും 20 ഡിജിറ്റൽ സ്പ്രിംഗ് ബാലൻസും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് 1500 അനുബന്ധന സാമഗ്രികളുമാണ് ഹരിത കർമ്മ സേനയ്‌ക്ക് കൈമാറുന്നത്.
