
മുസ്ലിംകളുടെ പ്രാര്‍ഥനക്കുള്ള ദിശാസൂചികയായ ‘കഅ്ബ’ വിശുദ്ധ ഗേഹത്തിൻ്റെ പരിപാലനത്തിനും സംരക്ഷണത്തിനും സൗദി ഭരണകൂടം വലിയ പ്രാധാന്യമാണ് കല്പിക്കുന്നത്. 280 കിലോയിലധികം ശുദ്ധ സ്വര്‍ണം കൊണ്ട് നിര്‍മിച്ചതാണ് കഅ്ബയുടെ വാതില്‍. മൂടുപടമായ ‘കിസ്വ’ ഒരു വര്‍ഷത്തോളം എടുത്ത് മികച്ച പട്ടിൻ്റെ യും സ്വര്‍ണത്തിൻ്റെയും നൂലുകളാല്‍ നെയ്തെടുക്കുന്നത്. ചുവരുകളിലും മൂടുപടത്തിലും തളിക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍, ശുചീകരണ സംവിധാനങ്ങളും സാങ്കേതിക സാമഗ്രികളും തുടങ്ങിയവ എല്ലാം ഉന്നത നിലവാരത്തിൽ ഉള്ളതാണ്.

ഹിജ്റ 1363ല്‍ സൗദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് കഅ്ബക്ക് പുതിയ വാതില്‍ നിര്‍മിക്കാന്‍
ഉത്തരവിടുകയായിരുന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന വാതില്‍ ദ്രവിച്ചുകൊണ്ടിരുന്ന
അവസ്ഥയിലായിരുന്നു. ബ്ലാക്ക് അക്കേഷ്യ മരത്തടിയില്‍ ഇരുമ്പുകൊണ്ട് കവചം തീര്‍ത്ത് പുതിയ വാതില്‍ നിര്‍മിച്ചു. അതിനുമുകളില്‍ സ്വര്‍ണവും വെള്ളിയും പൂശി. അല്ലാഹുവിൻ്റെ നാമങ്ങള്‍ കൂടി ആലേഖനം
ചെയ്ത് വാതിലിൻ്റെ പണി പൂര്‍ത്തിയാക്കാന്‍ മൂന്നുവര്‍ഷങ്ങൾ വേണ്ടിവന്നു.
ഹിജ്റ 1397ല്‍ (ക്രിസ്തുവര്‍ഷം 1977) ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് രാജാവിൻ്റെ കാലത്താണ് ആ വാതില്‍ മാറ്റി പുതിയത് പണിതത്. ശുദ്ധമായ സ്വര്‍ണം കൊണ്ട് പുതിയ വാതില്‍ നിര്‍മിക്കാന്‍ ഖാലിദ് രാജാവ്
ഉത്തരവിട്ടു. അതാണിന്നുമുള്ളത്. കഅ്ബയുടെ പഴയ വാതിലുകള്‍ ഇരുഹറം പള്ളികളുടെ പൗരാണിക
ശേഷിപ്പുകളുള്ള മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

99.99 മാറ്റ് പരിശുദ്ധിയുള്ള 280 കിലോ സ്വര്‍ണമാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. കഅ്ബയുടെ രണ്ട്
വാതിലുകളുടെയും ബാബു തൗബ എന്ന ഹറം കവാടത്തിൻ്റെയും അന്നത്തെ നിര്‍മാണച്ചെലവ് 1,34,20,000 റിയാല്‍ ആയിരുന്നു. സ്വര്‍ണവില കഴിച്ചുള്ള നിര്മാണച്ചെലവാണിത്. സ്വര്‍ണവില കൂടി കൂട്ടുമ്പോള്‍ പലമടങ്ങാവും. കഅ്ബയുടെ രണ്ട് വാതിലുകളും നിര്‍മിക്കാന്‍ ഒരു വര്‍ഷമെടുത്തു.
ഹിജ്റ 1398 ദുല്‍ഹജ്ജ് ഒന്നിനാണ് നിര്‍മാണം തുടങ്ങിയത്. ഏറ്റവും ഉയര്‍ന്ന കരുത്തിലും ഗുണമേന്മയിലും ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വാതിലിൻ്റെ രൂപം ഉണ്ടാക്കിയത്. വാതിലുകള്‍ അലങ്കരിക്കുന്നതിന് പ്രത്യേക അറബിക് കാലിഗ്രഫി തയാറാക്കിയിരുന്നു. കഅ്ബയുടെ മുകള്‍ഭാഗത്ത് അല്ലാഹുവിൻ്റെയും പ്രവാചകൻ്റെയും നാമങ്ങളും ഖുര്‍ആന്‍ സൂക്തങ്ങളും അത്യാകര്ഷക രീതിയിലാണ് കാലിഗ്രഫി ചെയ്തിരിക്കുന്നത്.
