
ചുമ പലരേയും അലട്ടുന്ന അവസ്ഥയാണ്. പ്രത്യേകിച്ചും പനി പോലെ എന്തെങ്കിലും വന്നുമാറിയാല്‍. ഈ സീസണില്‍ കണ്ടുവരുന്ന പ്രത്യേകതയാണ് ഇത്. ചുമ വന്നാല്‍ ഒരു മാസം വരെ നീണ്ടു നില്‍ക്കുന്ന ഒന്നാണ്. എച്ച്1എന്‍1, കോവിഡ് വൈറസ് പോലുള്ളവ കൊണ്ട് വരുന്ന വൈറല്‍ ഇന്‍ഫെക്ഷനില്‍ നിന്നുണ്ടാകുന്ന അലര്‍ജി കാരണമാണ് ഈ ചുമ വരുന്നത്. ഇതല്ലാതെ സാധാരണ ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ വരുന്നത് കൊണ്ടല്ല, ഇതിനാല്‍ ആന്റിബയോട്ടിക്‌സ് കഴിച്ചാലും ഗുണം വരണമെന്നില്ല. എന്തായാലും ഒരു ഡോക്ടറെ കണ്ട് നിർബന്ധമായും ചികിത്സ തേടണം.
അലര്‍ജി പ്രശ്‌നങ്ങളുണ്ടെങ്കില്‍
അലര്‍ജി പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇത്തരം ചുമയ്ക്ക് സാധ്യതയും ബുദ്ധിമുട്ടും ഏറെയാണ്. ഇതുപോലെ പലര്‍ക്കും ഈ ചുമയ്‌ക്കൊപ്പം മൂക്കടപ്പും ഇത്തരം ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുമുണ്ടാകും. അലര്‍ജി കൊണ്ടുണ്ടാകുന്ന ചുമയും കഫവുമായതിനാലാണ് ആന്റിബയോട്ടിക്കുകള്‍ അടക്കം ഗുണം നല്‍കാറില്ല.

പനിയും കഫക്കെട്ടും ദീർഘകാലം ആയാൽ ന്യുമോണിയ ഉൾപ്പടെ വന്നേക്കാം. ഈ പ്രശ്‌നം വരുന്നുവെങ്കില്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
ചുമയും കഫക്കെട്ടും കുറയാൻ വീട്ടുവൈദ്യം
ഇത്തരം പ്രശ്‌നം വന്നാല്‍ പൂര്‍ണമായും വിശ്രമിയ്ക്കുക എന്നതാണ് പ്രധാനം. അതായത് ജലദോഷവും തൊണ്ടയുടെ ഇന്‍ഫെക്ഷനും തുടങ്ങുമ്പോഴേ റസ്റ്റ് എടുക്കുക. ഇതിലൂടെ അടുത്ത സ്‌റ്റേജിലേയ്ക്കും ചുമയിലേക്കും പോകുന്നത് തടയാന്‍ സാധിക്കും. ജിഞ്ചര്‍ ടീ നല്ല പരിഹാരമാണ്. ഇതുപോലെ പനിക്കൂര്‍ക്കയില ചതച്ച് ചായയുണ്ടാക്കുമ്പോഴോ മറ്റോ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിൻ്റെ ചാറ് കുട്ടികള്‍ക്കും നല്‍കാം. തുടക്കത്തിലെങ്കില്‍ ഇത്തരം പ്രശ്‌നം കൂടുതല്‍ രൂക്ഷമാകാതെ ഇരിയ്ക്കാന്‍ സഹായിക്കും. ചുക്കുകാപ്പി പോലുള്ളവ ഏറെ നല്ലതാണ്. അതായത് ചുക്കും കുരുമുളകുമെല്ലാം ചേര്‍ത്തത്. ചുക്കുകാപ്പി പോലുള്ളവ രാത്രി ഏഴിന് മുമ്പായി കുടിയ്ക്കുക.
ചുമയ്‌ക്കൊപ്പം
ചുമയ്‌ക്കൊപ്പം ശ്വാസംമുട്ട്, നെഞ്ചിടിപ്പ് കൂടുന്നു, നെഞ്ചില്‍ ഭാരം, പനി പോലുളളയെങ്കില്‍ ഡോക്ടറെ കണ്ട് ആവശ്യത്തിനുള്ള ചികിത്സയെടുക്കണം. വരണ്ട ചുമയാണ് പലപ്പോഴും കണ്ടു വരുന്നത്. ഇത്തരക്കാര്‍ രാത്രി എഴിന് ശേഷം അധികം ഭക്ഷണം കഴിയ്ക്കാതിരിക്കുക. ഇതില്‍ എണ്ണയും മസാലയുമെല്ലാം കുറയ്ക്കുക. കുട്ടികള്‍ക്ക് ബേക്കറിയും പായ്ക്കറ്റ് ഭക്ഷണവും ചോക്ലേറ്റുകളുമെല്ലാം നല്‍കാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക. ലഘുഭക്ഷണം നല്‍കാം.
ചൂടുവെള്ളം
കഫം പുറത്തേയ്ക്ക് പോകാത്ത അവസ്ഥ പോലെ തോന്നാം. ഇതിന് വേണ്ടി ശക്തിയായി ചുമച്ച് കഫം തുപ്പാന്‍ ശ്രമിക്കരുത്. ഇത് വേദനയുണ്ടാക്കും. ഇതിനായി ഇളം ചൂടുവെള്ളം കുടിയ്ക്കാം. മഞ്ഞള്‍പ്പൊടിയും ചുക്കുപൊടിയും തേനില്‍ ചാലിച്ച് കഴിയ്ക്കുന്നതും നല്ലതാണ്. രണ്ടോ മൂന്നോ നുള്ള് മഞ്ഞള്‍പ്പൊടിയും ഒരു നുള്ള് ചുക്കുപൊടിയും ചേര്‍ത്താല്‍ മതിയാകും. ഇത് കുട്ടികള്‍ക്ക് നല്‍കാം. ഒരു വയസില്‍ താഴെയുളള കുട്ടികള്‍ക്ക് തേന്‍ നല്‍കരുത്.
ധാരാളം ഇളം ചൂടുവെള്ളം കുടിക്കുന്നത് കഫം പുറന്തളളാന്‍ സഹായിക്കും. ഇക്കാര്യങ്ങൾ ശാസ്ത്രീയമല്ലെങ്കിലും ഗുണം ചെയ്യും എന്ന് മാത്രമേ ഉള്ളൂ. എങ്കിലും നിർബന്ധമായും വിദഗ്‌ധ ഡോക്ടറെ കണ്ട് ചികിത്സ തേടാൻ മടിക്കരുത്.
