
ടെസ്ല സ്ഥാപകൻ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിനു പിന്നാലെ ട്വിറ്ററിൽ പരിഷ്‌കാരങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ നാലിന് ട്വിറ്റര്‍ ലോഗോ നീലപ്പക്ഷിയില്‍നിന്ന് ഡോഗ് മീം ആക്കിയതാണ് ഏറ്റവും ഒടുവിലത്തെ പരിഷ്‌കാരം. ഷിബ ഇനു ഇനത്തിലുള്ള നായയാണ് ട്വിറ്ററിൻ്റെ പുതിയ ലോഗയില്‍ കാണുന്നത്. ഡോഗ്‌കോയിന്‍ എന്ന ക്രിപ്‌റ്റോകറന്‍സിയുടെ ലോഗോയാണ് ഈ നായ.
ഇത് ട്വിറ്റർ ലോഗോ ആയി ഇലോണ്‍ മസ്‌ക് സ്വീകരിക്കാന്‍ കാരണമുണ്ട്. ഡോഗ്‌കോയിൻ്റെ മൂല്യം മനഃപൂര്‍വം വര്‍ധിപ്പിച്ചെന്ന് ആരോപിച്ച് ഇലോണ്‍ മസ്‌കിനനെതിരെ ക്രിപ്‌റ്റോകറന്‍സിയുടെ നിക്ഷേപകര്‍ പരാതി നല്‍കിയിരുന്നു. രണ്ട് വര്‍ഷത്തിനിടെ ഡോഗ്‌കോയിനിൻ്റെ വില 36000 ശതമാനത്തിലധികം വര്‍ധിപ്പിക്കുകയും പിന്നീട് അത് തകരാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നാണ് നിക്ഷേപകരുടെ ആരോപണം.

കറന്‍സിക്ക് ആന്തരിക മൂല്യമില്ലെന്ന് മസ്‌കിന് അറിയാമായിരുന്നിട്ടും മൂല്യം കുത്തനെ വര്‍ധിപ്പിച്ചതിനും പ്രശസ്ത പാശ്ചാത്യ പരിപാടിയായ സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ ഡോഗ്‌കോയിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സംസാരിച്ചതിനും നിക്ഷേപകര്‍ 258 ബില്യണ്‍ ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് തള്ളണമെന്ന് ഇലോണ്‍ മസ്‌ക് കോടതിയില്‍ ആവശ്യപ്പെട്ട് ഒരു ദിവസത്തിനു ശേഷമാണ് ട്വിറ്റര്‍ ബ്ലൂവിൻ്റെ ലോഗോ മാറിയത്.
എന്താണ് ഡോഗ്കോയിൻ എന്നറിയാം
ഡോഗ്കോയിൻ ഒരു ക്രിപ്റ്റോ കറൻസിയാണ്. ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികളെ കളിയാക്കുന്നതിനായി 2013-ലാണ് ഇത് പുറത്തിറക്കിയത്. ഐ.ബി.എം സോഫ്റ്റ്വെയർ എഞ്ചിനീയർ ബില്ലി മാർക്കസും അഡോബ് സോഫ്റ്റ്‌വെയര്‍ എൻജിനീയർ ജാക്സൺ പാമറും ചേർന്നാണ് ഇത് സൃഷ്ടിച്ചത്.
ആക്ഷേപഹാസ്യ സ്വഭാവം ഉണ്ടായിരുന്നിട്ടു കൂടി, നിരവധി നിക്ഷേപകർ ഡോഗ്കോയിനെ നിയമാനുസൃതമായ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയായിട്ടാണ് കണക്കാക്കുന്നത്.
