
കാന്‍സര്‍ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ലോകം കഴിഞ്ഞദിവസം വായിച്ചറിഞ്ഞത്. റെക്ടല്‍ കാന്‍സര്‍ (മലാശയ കാന്‍സര്‍) ബാധിച്ച 18 പേരെയാണ് ഡോസ്റ്റര്‍ലിമാബ് എന്ന ഇമ്മ്യൂണോതെറാപ്പി മരുന്നിൻ്റെ ട്രയലിനായി തിരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്നും നിഷ വര്‍ഗീസാണ് ഈ പരീക്ഷണത്തിന് വിധേയയായത്. മൂന്നാഴ്ച കൂടുമ്പോള്‍ ആറ് മാസത്തോളം ഈ മരുന്ന് കഴിച്ചതോടെ എല്ലാവരിലെയും കാന്‍സര്‍ ട്യൂമറുകള്‍ അപ്രത്യക്ഷമായി.
‘ഇത് ശരിക്കും അത്ഭുതമാണ്. ആ ദിവസം ട്യൂമര്‍ കാണിച്ചില്ല. അതെവിടെ പോയെന്ന് ഞാനും ചിന്തിച്ചു. എവിടെയെങ്കിലും മറഞ്ഞിരിക്കുന്നതാകുമെന്ന് കരുതി. പക്ഷേ, ഡോക്ടര്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ആ വാര്‍ത്ത പറഞ്ഞു, ട്യൂമര്‍ പൂര്‍ണമായും ഭേദമായി.’- നിഷ പറഞ്ഞു.

എന്‍ഡോമെട്രിയല്‍ കാന്‍സര്‍ ചികിത്സയിൽ ഉപയോഗിക്കുന്ന ഡോസ്റ്റര്‍ലിമാബ് റെക്ടല്‍ കാന്‍സര്‍ ട്യൂമറുകള്‍ക്കെതിരെ ഫലപ്രദമാണോ എന്നറിയാന്‍ നടത്തുന്ന ആദ്യ ക്ലിനിക്കല്‍ ട്രയലാണിത്. അതേസമയം, മറ്റ് അവയവങ്ങളിലേക്ക് കാന്‍സര്‍ വ്യാപിച്ചിട്ടില്ലാത്തവരുമാണ് ഇവരെല്ലാം. മനുഷ്യ ശരീരത്തില്‍ ആന്റിബോഡികളായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ലബോറട്ടറി നിര്‍മ്മിത തന്മാത്രകളടങ്ങിയ മരുന്നാണ് ഡോസ്റ്റര്‍ലിമാബ്. ഡോസ്റ്റര്‍ലിമാബ് ഡോസ് ഒന്നിന് 11,000 ഡോളറാണ് വില.
18 പേരിലും ഒരേ അളവില്‍ മരുന്ന് നല്‍കി. എന്‍ഡോസ്കോപ്പി, പൊസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി (പി.ഇ.ടി സ്കാന്‍), എം.ആര്‍.ഐ സ്കാന്‍ തുടങ്ങിയ പരിശോധനകളിലെല്ലാം കാന്‍സര്‍ ഭേദമായെന്ന് കണ്ടെത്തി. കാന്‍സറിൻ്റെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണിതെന്ന് ട്രയല്‍ നടന്ന ന്യൂയോര്‍ക്കിലെ മെമ്മോറിയന്‍ സ്ലോന്‍ കെറ്റെറിംഗ് കാന്‍സര്‍ സെൻ്റെറിലെ ഡോ. ലൂയി എ.ഡയസ് പറഞ്ഞു.

കാന്‍സര്‍ മുക്തിയ്ക്കായി മുമ്പ് കീമോതെറാപ്പി, സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ തുടങ്ങിയവയ്ക്ക് വിധേയരായവരെയാണ് ട്രയലിന് തിരഞ്ഞെടുത്തത്. ഈ ട്രയലിലൂടെ തങ്ങളുടെ രോഗം ഭേദമാക്കാനാകുമെന്ന പ്രതീക്ഷ ഇവരില്‍ പലര്‍ക്കും ഇല്ലായിരുന്നു. എന്നാല്‍, ഫലം വന്നതോടെ എല്ലാവരും ഞെട്ടിയെന്ന് മെമ്മോറിയന്‍ സ്ലോന്‍ കെറ്റെറിംഗ് കാന്‍സര്‍ സെൻ്റെറിലെ ഓങ്കോളജിസ്റ്റ് ഡോ. ആന്‍ഡ്രിയ സെര്‍സെക് പറയുന്നു.
ട്രയലില്‍ പങ്കെടുത്ത ആരിലും മരുന്നിൻ്റെ സങ്കീര്‍ണ്ണതകളുണ്ടായില്ല. അതേ സമയം, കൂടുതല്‍ രോഗികളില്‍ ഇത് ഫലവത്താകുമോയെന്നും കാന്‍സര്‍ എല്ലാവരിലും പൂര്‍ണ്ണമായും അപ്രത്യക്ഷമാകുമോ എന്നുമറിയാന്‍ വലിയ തോതിലുള്ള ട്രയലുകള്‍ ഇനിയും നടക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
