
നിയമസഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ വേദിയില്‍ ഏത്തമിട്ട് ബി.ജെ.പി എം.എല്‍.എ. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലാണ് സംഭവം. എം.എല്‍.എയായ ഭൂപേഷ് ചൗബയാണ് കസേരയില്‍ നിന്നെഴുന്നേറ്റ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഏത്തമിട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തെറ്റുകള്‍ക്ക് മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ചായിരുന്നു ഏത്തമിടീല്‍.
വീണ്ടും ജനവിധി തേടുന്ന കിഴക്കന്‍ യു.പിയിലെ തൻ്റെ മണ്ഡലമായ റോബര്‍ട്ട്ഗഞ്ചില്‍ നടന്ന റാലിയ്ക്കിടെയായിരുന്നു എം.എല്‍.എയുടെ അപ്രതീക്ഷിത നീക്കം. വോട്ടര്‍മാര്‍ തനിക്ക് ദൈവത്തെപ്പോലെയാണെന്നും അതുകൊണ്ട് തന്നെ 2017ലെ പോലെ വോട്ടുകള്‍ നല്‍കി അനുഗ്രഹിക്കണമെന്നും ഇയാള്‍ ജനങ്ങളോട് പറയുന്നുണ്ട്.

ഭൂപേഷ് ഏത്തമിടുമ്പോള്‍ സദസ്സിലിരിക്കുന്നവര്‍ കൈകൊട്ടി പ്രോത്സാഹിപ്പിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കേള്‍ക്കാം. വേദിയില്‍ അടുത്തിരിക്കുന്നവര്‍ തടയുന്നുണ്ടെങ്കിലും ഇദ്ദേഹം ഏത്തമിടീല്‍ അവസാനിപ്പിക്കുന്നില്ല. ജനവികാരം തനിക്കെതിരാണെന്ന് ചൗബേയ്ക്ക് ബോധ്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും ഇത്തവണയും ചൗബേ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
