പുതിയ വെല്ലുവിളികൾ നേരിടാൻ വികസന പദ്ധതികളുടെ ആസൂത്രണരീതി മാറണം; കില ഡയറക്ടർ

You are currently viewing പുതിയ വെല്ലുവിളികൾ നേരിടാൻ വികസന പദ്ധതികളുടെ ആസൂത്രണരീതി മാറണം; കില ഡയറക്ടർ

കാസർകോട്: കാലാനുസൃതമായി പുതിയ വെല്ലുവിളികൾ നേരിടാൻ കഴിയുന്ന രീതിയിൽ വികസന പദ്ധതികളുടെ ആസൂത്രണരീതി മാറണമെന്ന് കില ഡയറക്ടർ ഡോ ജോയ് ഇളമൺ പറഞ്ഞു. കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ പതിനാലാം പദ്ധതി സമഗ്ര വികസന ശില്പശാല കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ജോയ് ഇളമൺ.

പതിനാലാം പഞ്ചവത്സരപദ്ധതിയിൽ രൂപം നൽകുന്നത് സുസ്ഥിര വികസനം നിർവചിക്കുന്ന ലക്ഷ്യാധിഷ്ഠിത വികസനമാകണം. ഇതുവരെ ചെയ്ത രീതിയിൽ ചെയ്യാൻ അല്ല, ആസൂത്രണ നിർവ്വഹണ പ്രവർത്തനങ്ങൾ ലക്ഷ്യബോധത്തോടെ കാര്യക്ഷമവും ഫലപ്രദവുമായി കാലാനുസൃതമായി നടപ്പാക്കാൻ കഴിയണം. സാങ്കേതിക വൈദഗ്ധ്യം സുസ്ഥിരവികസന വികസനത്തിന് അനിവാര്യമാണ്, കില ഡയറക്ടർ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും വികസനം തടസ്സമില്ലാതെ തുടരണം എന്നതാണ് സർക്കാർ സമീപനം. അത് സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാൻ അനിവാര്യമാണ്. ഇങ്ങനെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് കേരളം മറ്റൊരു ബദൽ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ജനകീയാസൂത്രണം 25 വർഷം പിന്നിടുമ്പോൾ തദ്ദേശഭരണസ്ഥാപനങ്ങൾ പൂർണമായും പ്രാദേശിക സർക്കാരുകളായി മാറി. ദുരന്ത കാലങ്ങളിൽ മുന്നിട്ടിറങ്ങിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മികവുറ്റതായിരുന്നു. പ്രാദേശികഭരണ രംഗത്ത് ഉണ്ടായ വലിയ മാറ്റമാണ് ജനകീയാസൂത്രണ പ്രവർത്തനത്തിന്റെ നേട്ടം. സേവനങ്ങളിൽ നിന്ന് സർക്കാരുകൾ പിന്മാറുന്ന കാലത്താണ് ബദൽ മാർഗമായി ജനകീയാസൂത്രണ പ്രസ്ഥാനം രൂപപ്പെട്ടത്. നിലവിൽ ലോകത്ത് സാമ്പത്തിക മാന്ദ്യം തരണം ചെയ്യുന്നതിനും പുതിയ വികസന അജണ്ട സൃഷ്ടിക്കാൻ കേരളത്തിന് സാധിക്കും.

സംയുക്ത പദ്ധതികളിലൂടെയും നിലവിലുള്ള വിഭവങ്ങൾ പരമാവധി ഉപയോഗിച്ചും തൊഴിലുറപ്പ് പദ്ധതി പോലുള്ള വിവിധ പദ്ധതികൾ പ്രയോജനപ്പെടുത്തിയും സർക്കാർ വകുപ്പുകളുമായി ചേർന്നും തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതികൾ ആവിഷ്കരിക്കണം. കാലാവസ്ഥാവ്യതിയാനവും ദുരന്തനിവാരണ പ്രവർത്തനങ്ങളും പതിനാലാം പഞ്ചവത്സരപദ്ധതിയിൽ പ്രധാനപ്പെട്ടതാകണം. മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം, ശാരീരികവും സാമൂഹികവും മാനസികവുമായ സുസ്ഥിതി കൈവരിക്കാൻ കഴിയുന്ന ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ ആവണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ കൊഴിഞ്ഞു പോക്ക് തടയണം. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് മാന്യമായ തൊഴിൽ ഉറപ്പു വരുത്താൻ കഴിയുന്ന പദ്ധതികൾക്ക് രൂപം നൽകണം. ദാരിദ്ര്യ നിർമാർജനം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, അടിസ്ഥാന സൗകര്യം, ലിംഗ നീതി, കാലാവസ്ഥ വ്യതിയാനം ദുരന്ത നിവാരണം തുടങ്ങി വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നിർവഹിച്ച, രാജ്യത്തെ ആദ്യ ജില്ലാപഞ്ചായത്തായി കാസർകോട് മാറണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ പ്രദീപൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് കെ. മണികണ്ഠൻ, ഗ്രാമ ഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.പി വത്സലൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.കെ രവി, ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉഷ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ജില്ലാതല നിർവ്വഹണ ഉദ്യോഗസ്ഥർ, തുടങ്ങിയവർ സംസാരിച്ചു. കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി. രാജ്മോഹൻ, ജില്ലാ ആസൂത്രണ സമിതി മുൻ അംഗങ്ങളായ കെ.ബാലകൃഷ്ണൻ, പപ്പൻ കുട്ടമത്ത്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ ജില്ലാ പദ്ധതി ആശയങ്ങൾ, സംയോജിത സമഗ്ര പദ്ധതി സാധ്യതകൾ, നൂതന പദ്ധതികൾ അവതരിപ്പിച്ചു.

ഉല്പാദന മേഖലയിലെ നൂതന ഇടപെടൽ സാധ്യതകൾ എന്ന വിഷയത്തിൽ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ഡോ.സി.തമ്പാൻ സംസാരിച്ചു. വികസന ശിൽപശാല ക്രോഡീകരിച്ച് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി സർക്കാർ നോമിനി അഡ്വ സി. രാമചന്ദ്രൻ സംസാരിച്ചു. കില ഫെസിലിറ്റേറ്റർ അജയൻ പനയാൽ ഭാവി പ്രവർത്തനങ്ങൾ കർമ പരിപാടികൾ അവതരിപ്പിച്ചു.

0Shares