
കാസറഗോഡ്: പതിവ് ഭരണനിർവ്വഹണങ്ങളുടെ തിരക്കുകൾക്കിടയിലും കാസർകോട് കളക്ടറേറ്റ് ഇന്ന് തികച്ചും ഹൃദ്യമായ ഒരു സ്നേഹസംഗമത്തിന് സാക്ഷ്യം വഹിച്ചു. ദേലംപാടി പഞ്ചായത്തിലെ കണ്ണങ്കോൽ ആദിവാസി ഉന്നതിയിൽ നിന്നുള്ള കൊച്ചുകൂട്ടുകാരാണ് തങ്ങളുടെ പ്രിയപ്പെട്ട കളക്ടറെ കാണാനായി കളക്ടറേറ്റിൽ എത്തിയത്. ദിവസങ്ങൾക്ക് മുമ്പ് കളക്ടർ അർജുൻ പാണ്ഡ്യൻ IAS കണ്ണങ്കോൽ ആദിവാസി ഉന്നതിയിൽ സന്ദർശനം നടത്തയിരുന്നു. സന്ദർശനത്തിനിടെ മയ്യാല എസ്.ജി.എ.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളായ നാലാം ക്ലാസുകാരൻ ശരത്ത്തും മൂന്നാം ക്ലാസുകാരൻ ആദി കൃഷ്‌ണയും കളക്ടർക്ക് മുന്നിലൊരു ആഗ്രഹം വെച്ചു. “ഞങ്ങളുടെ സ്‌കൂൾ കൂടി സാർ ഒന്ന് കാണണം.” കുട്ടികളുടെ ആ സ്നേഹം നിറഞ്ഞ ആവശ്യം കളക്ടർ സന്തോഷത്തോടെ സ്വീകരിച്ചു. അവരെയും കൂട്ടി തൻ്റെ ഔദ്യോഗിക വാഹനത്തിൽ തന്നെ കളക്ടർ സ്‌കൂൾ കാണാനായി യാത്ര തിരിച്ചു. അന്ന് ആ കുരുന്നുകൾ ഒരു ആഗ്രഹം കൂടി പറഞ്ഞിരുന്നു, തങ്ങൾക്ക് കളിക്കാൻ ഒരു ഫുട്ബോൾ വേണമെന്ന്.
അന്നത്തെ ആ യാത്രയുടെയും സൗഹൃദത്തിൻ്റെയും ഓർമ്മകളുമായാണ് ശരത്തും ആദിയും കൂട്ടുകാരും ഇന്ന് കളക്ടറെ കാണാൻ എത്തിയത്. ജീവിതത്തിൽ ആദ്യമായി കളക്ടറേറ്റും കളക്ടറുടെ ഓഫീസും നേരിൽ കണ്ടതിൻ്റെ കൗതുകവും ആവേശവും ആ കുഞ്ഞുമുഖങ്ങളിൽ നിറഞ്ഞു. തങ്ങളെ കാണാൻ വന്ന കൊച്ചുകൂട്ടുകാരെ കളക്ടർ ചേർത്തുപിടിച്ചു. അന്ന് അവർ ഏറെ ആഗ്രഹിച്ച ഫുട്ബോൾ സമ്മാനമായി നൽകി. സ്കൂൾ വിശേഷങ്ങളും അവധിക്കാല പ്ലാനുകളും കളക്ടർ ചോദിച്ചറിഞ്ഞു. കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാനും കളക്ടർ സമയം കണ്ടെത്തി. കുട്ടികളുടെ ആഗ്രഹപ്രകാരം ബേക്കൽ ബീച്ച് കൂടി കാണിച്ച ശേഷമാണ് കളക്ടർ അവരെ യാത്രയാക്കിയത്. കാസർകോട് പട്ടികവർഗ്ഗ വികസന ഓഫീസർ പി രാഘവൻ, ജില്ല ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, കാസർഗോഡ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ദീപ, ജൂനിയർ സൂപ്രണ്ട് കെ ധനേഷ്, ആർ ശരണ്യ, വില്ലേജ്, പട്ടികവർഗ്ഗ പ്രമോട്ടർ ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.
