
| ഹാരിസ് പുണ്ടൂർ
കാസർകോട്: നഗര മധ്യത്തിൽ നിർമ്മിക്കുന്ന ഓവുചാൽ നിർമ്മാണത്തിൽ വീണ്ടും അപാകത. കാസർകോട് സുൽത്താൻ ജ്വല്ലറി മുതൽ സിറ്റി ഗോൾഡ് ജംഗ്‌ഷൻ വരെ എം.ജി റോഡിൽ നിർമ്മിക്കുന്ന ഓവുചാലിലാണ് ഇപ്പോൾ അപാകത കണ്ടെത്തിയത്.

സാധാരണക്കാരുടെ കണ്ണിൽ പൊടിയിടുന്ന വിധമാണ് പ്രവൃത്തി പുരോഗമിക്കുന്നത്. റോഡിലും മറ്റുമായി ഒഴുകിവരുന്ന മഴവെള്ളം ഒരു തുള്ളിപോലും ഓവുചാലിലേക്ക് പോകുന്നില്ല എന്നതിൻ്റെ തെളിവാണ് നിങ്ങൾ ഈ കാണുന്ന ഫോട്ടോകൾ.

കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടി വെള്ളം ഒലിച്ചുപോയപ്പോൾ ഒരുതുള്ളി വെള്ളം പോലും ഓവുചാലിലേക്ക് വീണില്ല എന്നതും, പകരം റോഡിലൂടെ വെള്ളം ഒഴുകുന്നതുമാണ് കാണാനായത്. ഇത് പി.ഡബ്ള്യു. ഡി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ നടപടി സ്വീകരിക്കാം എന്ന മറുപടി മാത്രമാണ് ലഭിച്ചത്. പുതുതായി കഴിഞ്ഞ ദിവസങ്ങളിൽ പണിത കോൺക്രീറ്റ് കട്ട് ചെയ്ത് വേണം ഇനി വെള്ളം ഓവുചാലിലേക്ക് കടത്തിവിടാൻ.

സമാനമായ സംഭവം മുൻപും കാസർകോട് നടന്നിട്ടുണ്ട്. പഴയ ബസ് സ്റ്റാൻഡ് പരിസരത്തിൽ ഓവുചാൽ നിർമ്മിച്ചപ്പോഴും ഇതേ അനുഭവമാണ് ഉണ്ടായത്. അന്ന്, സംഭവിച്ചത് തെറ്റാണെന്ന് പറഞ്ഞ കരാറുകാരൻ പല സ്ഥലത്തും കോൺക്രീറ്റ് കട്ട് ചെയ്ത് വെള്ളം കടന്നുപോകാൻ സൗകര്യം ഒരുക്കുകയായിരുന്നു.

ഇങ്ങിനെ ഇനി ആവർത്തിക്കില്ല എന്ന് പറഞ്ഞ ഉദ്യോഗസ്ഥരുടെ വാക്കാണ് ഇപ്പോൾ പാഴ്വാക്ക് ആയിരിക്കുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഈ സംഭവം ഇനി ആവർത്തിക്കാതിരിക്കുമോ എന്നാണ് സമീപത്തെ കടക്കാരും നാട്ടുകാരും ചോദിക്കുന്നത്.

