
കാസര്‍കോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന കാറഡുക്ക, ദേലംപാടി, മുളിയാർ, കുറ്റിക്കോൽ, ബേഡഡുക്ക ഗ്രാമ പഞ്ചായത്തുകളിൽ കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം കാണാൻ പ്രതിരോധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനം. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന കർഷകരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയിൽ ഒരു കോടി രൂപ ചെലവഴിച്ച് ആനയെ തടയുന്നതിന് ഏറെ ഫലപ്രദമെന്ന് കണ്ടെത്തിയ വൈദ്യുത ഹാങ്ങിങ്ങ് വേലി നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
സ്റ്റീൽ ഫെൻസിങ്ങ്, ട്രഞ്ച്, സോളാർ വേലി തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് വിശദമായ പഠനം നടത്തി വനം വകുപ്പ് മന്ത്രിക്ക് സമർപ്പിക്കും. ഫോറസ്റ്റ് സ്‌റ്റേഷൻ തുടങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനും കൂടുതൽ ജീവനക്കാരും ആവശ്യത്തിന് വാഹനങ്ങളും ലഭ്യമാക്കുന്നതിനും എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപടി സ്വികരിക്കും. കാർഷിക മേഖലയിൽ വന്യമ്യഗ ശല്യം മൂലം ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ ബ്ലോക്ക് കൃഷി ഡവലപ്പ്മെന്റ് ഓഫിസ് മുഖാന്തിരം വിവര ശേഖരണം നടത്തി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകളും നടത്തും.

എല്ലാ പഞ്ചായത്തുകളിലും ഫോറസ്റ്റ് റെയിഞ്ചാഫീസറുടെ നേത്യത്വത്തിൽ ജനജാഗ്രത സമിതികൾ രൂപീകരിക്കും. വനത്താൽ ചുറ്റപെട്ട ഭൂമിയുള്ളവരുടെ ഭൂമി ഏറ്റെടുക്കുന്നതിന് വനം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി വേഗത്തിലാക്കി കർഷകർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
ഈ ആവശ്യങ്ങൾ മുൻനിർത്തി എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ മുഖ്യമന്ത്രി, വനം മന്ത്രി എന്നിവരെ നേരിട്ട് കണ്ട് നിവേദനം നൽകും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യു സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായ എ.പി.ഉഷ, എം.മിനി, എച്ച്. മുരളി, എം. ധന്യ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ രമണി എം. മാധവൻ, കെ. ഗോപിനാഥൻ, ഡി.എഫ്.ഒ അജിത്ത് കെ.രാമൻ, റേഞ്ച് ഓഫീസർ സോളമൻ ജോർജ്, ഡി.എ. അബ്ദുല്ല കുഞ്ഞി, എ. മാധവൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
